വിവാഹം നടക്കാത്തതിന്‍റെ പേരിൽ പരിഹാസം; 62കാരനെ അടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ -AI Image
ചന്ദോളി: വിവാഹം നടക്കാത്തതിന്‍റെ പേരിൽ നിരന്തരം പരിഹസിച്ച 62കാരനെ പ്രഭാത സവാരിക്കിടെ അടിച്ചു കൊന്ന് യുവാവ്. ഉത്തർപ്രദേശിലെ തുൾസി ആശ്രമത്തിനു സമീപമാണ് സംഭവം. പ്രമുഖ വ്യാപാരിയായ ഉമാശങ്കർ മൗര്യയാണ് കൊല്ലപ്പെട്ടത്. കൊലക്കേസിൽ 30 വയസുള്ള ബ്രിജേഷ് യാദവ് അറസ്റ്റിലായി. വിവാഹം നടക്കാത്തതിന്‍റെ പേരിൽ തന്നെ നിരന്തരം പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് യാദവ് പൊലീസിനോട് കുറ്റസമ്മതം നടത്തി.
വെള്ളിയാഴ്ച പുലർച്ചെ 5 മണിക്ക് പ്രഭാതനടത്തത്തിനിറങ്ങിയ മൗര്യ തന്‍റെ താമസസ്ഥലത്തോടു ചേർന്നുള്ള റോഡിലെത്തിയപ്പോഴാണ് പ്രതി ആക്രമിച്ചത്.
ഗുരുതരമായ പരുക്കേറ്റ മൗര്യയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊല നടന്നതിനു തൊട്ടു പുറകേ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണ്.