യുവാവിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; വിചാരണ തുടങ്ങി
അബുദാബി: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറബ് സംഘാംഗങ്ങളായ 9 പേർ യുഎഇയിൽ വിചാരണ ആരംഭിച്ചു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തട്ടിക്കൊണ്ടുപോകലിനും ലൈംഗിക പീഡനത്തിനും ഇരയായ വ്യക്തി പബ്ലിക് പ്രോസിക്യൂഷന്‍റെ 'മൈ സേഫ് സൊസൈറ്റി' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് പരാതി നൽകിയത്. തന്നെ തട്ടിക്കൊണ്ടുപോയെന്നും കൈകൾ ബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും പരാതിക്കാരൻ മൊഴി നൽകിയിരുന്നു.
പരാതി നൽകിയതിനെ തുടർന്ന് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഫെഡറൽ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് ഓഫീസാണ് കാര്യക്ഷമമായ അന്വേഷണം നടത്തിയത്.
പണം ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനായി ഈ ദൃശ്യങ്ങൾ സംഘം സമൂഹമാധ്യമത്തിൽ പങ്കുവച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.