അർച്ചന
തിരുവനന്തപുരം: തൃശൂര്‍ വരന്തരപ്പള്ളിയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
സംഭവത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധന പീഡനം അടക്കമുള്ള ആരോപണങ്ങൾ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് ഉയർന്നിട്ടുണ്ട്. പരിഷ്കൃതമെന്നു നാം വിശ്വസിക്കുന്ന സമൂഹത്തിൽ ഇപ്പോഴും സ്ത്രീധനത്തിന്‍റെ പേരിൽ മരണങ്ങൾ ഉണ്ടാകുന്നുവെന്നത് അങ്ങേയറ്റം ലജ്ജാകരമാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും. യുവതിയുടെ കുടുംബത്തിന് പൂർണ പിന്തുണ നൽകുമെന്നും സതീദേവി പറഞ്ഞു.