ഇഡി ഉദ്യോഗസ്ഥന്‍റെ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി
എറണാകുളം: എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റർ ശേഖർ കുമാറിന്‍റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. മുൻകൂർ ജാമ്യ ഹർജിയിൽ മറുപടി സമർപ്പിക്കാൻ സർക്കാർ വീണ്ടും സമയം ചോദിച്ചതോടെയാണ് കോടതി അറസ്റ്റ് തടഞ്ഞ നടപടി നീട്ടിയത്.
കേസിൽ ഫോൺ വിവരങ്ങൾക്ക് പുറമെ മറ്റ് തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലേ എന്ന് കോടതി സർക്കാരിനോടു ചോദിച്ചു. രണ്ടും മൂന്നും പ്രതികളുടെ ഫോൺ വിവരങ്ങൾ അന്വേഷിക്കാൻ ഇനിയും സമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
തുടർന്നാണ് കേസിന്‍റെ ഹർജി ജൂലൈ മൂന്നിലേക്ക് മാറ്റിയത്. അന്വേഷണവുമായി സഹകരിക്കണമെന്നും ശേഖർ കുമാറിനോട് കോടതി നിർദേശം നൽകി.