വിവാഹം കഴിഞ്ഞിട്ട് മൂന്നാഴ്ച; 54 കാരനെ കോടാലിക്ക് വെട്ടിക്കൊന്ന് 27 കാരി
മുംബൈ: ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് ഭാര്യ. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സംഭവം. 27 കാരിയായ രാധിക ഇംഗിൽ എന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച യുവതിയെ കോടതിയിൽ ഹാജരാക്കി.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് ആഴ്ചമാത്രമേ ആയിട്ടുള്ളൂ. 54 കാരനെയാണ് 27 കാരി വിവാഹം കഴിച്ചത്. ഇയാളുമായി ലൈംഗിക ബന്ധം പുലർത്താനുള്ള ഭയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ലൈംഗിക ബന്ധത്തിന് താൽപര്യമില്ലെന്ന യുവതിയുടെ അഭിപ്രായം 54കാരൻ മാനിച്ചിരുന്നില്ലെന്നും യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
കൊലപാതകത്തിനു പിന്നാലെ യുവതി തന്നെ ബന്ധുക്കളെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി യുവതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
ആദ്യ ഭാര്യ മരിച്ചതിനു പിന്നാലെയാണ് 54 കാരൻ യുവതിയെ കല്യാണം കഴിച്ചത്. യുവതിയുടെ ആദ്യ വിവാഹമായിരുന്നു ഇത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു യുവതിയുടെത്. മാത്രമല്ല യുവതിക്ക് ഗർഭിണിയാവാനും സാധിക്കില്ലായിരുന്നു. ഇതെല്ലാം അറിഞ്ഞാണ് 54 കാരൻ യുവതിയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹ ശേഷം ലൈംഗിക ബന്ധത്തിന് യുവതി സമ്മതിച്ചല്ല. തുടർന്ന് പല തവണ ഭർത്താവ് സമ്മർദം ചെലുത്തിയതോടെ യുവതി കോടാലി ഉപയോഗിച്ച് ഇയാളെ വെട്ടുകയായിരുന്നു. എന്നാൽ യുവതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.