നിഷ, സുരേഷ്
മലപ്പുറം: പോത്തുകല്ലിൽ 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണിതെന്നാണ് സംശയം. ഇവരോടൊപ്പം താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
പോത്തുകല്ലിലെ അപ്പൻകാപ്പ് നഗർ സ്വദേശിനി നിഷയാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11:30 യോടെ എട്ടുപ്പാറയിലെ പാറക്കടവിനടുത്തുള്ള നീർപ്പുഴയുടെ സമീപത്തുള്ള മരങ്ങൾക്കിടയിൽ നിന്നും നാട്ടുകാരാണ് മൃതദേഹം ആദ‍്യം കണ്ടെത്തിയത്.
പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധന നടത്തിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് തടയാൻ പൊടികൾ വിതറിയിരിക്കാമെന്ന് പൊലീസ് പറഞ്ഞു. വാഴയിലയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഓഗസ്റ്റ് 23 മുതൽ നിഷയെ കാൺന്മാനില്ലായിരുന്നുവെന്ന് അവർ കൂട്ടിചേർത്തു.
സുരേഷ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2022ൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് സുരേഷ്. ജാമ‍്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇവർ ഒരുമിച്ചായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു. നിലവിൽ ഇയാളെ പൊലീസ് ചോദ‍്യം ചെയ്തുവരുകയാണ്. അസ്വാഭാവിക മരണത്തിന് പോത്തുകൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മരണകാരണം വ‍്യക്തമായ ശേഷം കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നും അധികൃതർ പറഞ്ഞു. മലപ്പുറത്തെ മഞ്ചേരി മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.