സരോജിനി
ഇടുക്കി: ഇടുക്കി മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും. ജില്ലാ കോടതിയുടേതാണ് വിധി. വെള്ളത്തൂവൽ സ്വദേശി സുനിൽ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി കൊല്ലപ്പെട്ട സരോജിനി (72) യുടെ സഹോദരി പുത്രനാണ്.
2021 ലാണ് കൊലപാതകം. സ്വത്ത് തർക്കത്തിന്‍റെ പേരിലായിരുന്നു കൊല. സരോജിനി സുനിൽകുമാറിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ പേരിലുളള മുഴുവൻ ഭൂസ്വത്തും സുനൽകുമാറിന് നൽകാമെന്ന് സരോജിനി ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് സ്വത്ത് ഭാഗം വച്ചപ്പോൾ മറ്റ് സഹോരരിമാരുടെ മക്കൾക്ക് കൂടി നൽകിയതാണ് വൈര്യാഗ്യത്തിന് കാരണമെന്നാണ് കണ്ടെത്തൽ. പിന്നാലെയാണ് കൊലപാതകം.
ഉറങ്ങിക്കിടന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് ഗ്യാസ് തുറന്നിടുകയും ചെയ്തു. അടുപ്പിൽ നിന്നും തീ പടർന്ന് റബർ ഷീറ്റ് കത്തിയാണ് അപകടമെന്നാണ് ആദ്യം സുനിൽകുമാർ നൽകിയ മൊഴി. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലെ തെളിവുകളിൽ സുനിൽ കുമാറിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.