മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്ന് യുവതിയും കാമുകനും
ബെംഗളൂരു: മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. കെആര്‍ പുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീഗെഹള്ളിയിലെ ധമനിക് ലേഔട്ടിലാണ് സംഭവം.
സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയമകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൂത്തമകള്‍ ശ്വേത, കാമുകന്‍ കെന്നത്ത് എന്നിവരാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയശേഷം ഇവര്‍ ഒളിവില്‍പോയി. കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ശ്വേതയും കെന്നത്തും തമ്മിലുള്ള ബന്ധത്തെ രക്ഷിതാക്കള്‍ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യത്താലാണ് കൃത്യം നടത്തിയതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ശ്വേതയ്ക്ക് 30 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് രക്ഷിതാക്കള്‍ നിരന്തരം ചോദിച്ചിരുന്നതും ഇവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു.
തിങ്കളാഴ്ച ശ്വേതയും കെന്നത്തും വീട്ടില്‍ എത്തിയപ്പോള്‍ അമ്മ മുത്തുലക്ഷ്മി മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായപ്പോള്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ സോമസുന്ദറും സഹോദരി സുപ്രിയയും വീട്ടില്‍ എത്താന്‍ പ്രതികള്‍ കാത്തിരുന്നു. സഹോദരി വീട്ടില്‍ എത്തിയ ഉടന്‍ ശ്വേത തടഞ്ഞുനിര്‍ത്തുകയും കെന്നത്ത് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സോമസുന്ദരെത്തെയും പ്രതികള്‍ സമാന ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സോമസുന്ദരം നിലവിളിച്ച് വീടിനു പുറത്തേക്ക് ഓടിയെങ്കിലും മരിച്ചു. പ്രതികളെ പിടികൂടാന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.