തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തെ ശമ്പള - പെൻഷൻ ചെലവുകൾക്കായി ആയിരം കോടി രൂപയുടെ കടപത്രം സംസ്ഥാന സർക്കാർ പുറത്തിറക്കി. കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് കഴിച്ച് അനുവദിച്ച വായ്പയിൽ ഇനി ശേഷിക്കുന്നത് 2,890 കോടി രൂപ മാത്രമാണ്. ഇതിനു മുകളിൽ 8,000 കോടി രൂപയോളമാണ് ധന വകുപ്പിന് ഇനി കണ്ടെത്തേണ്ടതുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം കൂടി വന്നതോടെയാണ് സംസ്ഥാനത്തിന്‍റെ ധനസ്ഥിതി കൂടുതൽ വഷളായത്.
4,500 കോടി രൂപ അധിക ബാധ്യത കണക്കാക്കി തുടങ്ങിയ ശമ്പള പരിഷ്കരണം ഒടുവിൽ അതിന്‍റെ നാലിരട്ടിയിലും തീരാത്ത ബാധ്യതയാണുണ്ടാക്കിയിരിക്കുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ച സമീപനത്തിൽ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയാറായിട്ടില്ല. ഓവര്‍ഡ്രാഫിറ്റിലേക്ക് പോയ ട്രഷറി കഴിഞ്ഞ ആഴ്ച ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്‍റെ ബലത്തിലാണ് കരകയറിയത്. ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനും അടക്കം ചെലവുകൾ മുന്നിൽ കണ്ടാണ് വീണ്ടും ആയിരം കോടി വായ്പയെടുത്തത്.
ഡിസംബര്‍ വരെ 15,390 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത്. ഇതുവരെ എടുത്തത് 12,500 കോടി, ബാക്കി അഞ്ച് മാസത്തേക്ക് ശേഷിക്കുന്ന തുകയാണ് 2,890 കോടി.
ഓണക്കാലത്തെ അധികച്ചെലവുകൾ നേരിടാൻ തുക സമാഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് ധനവകുപ്പ്. പ്രതിസന്ധി പരിഹരിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.