പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിക്ക് അംഗീകാരം, നടപ്പാക്കുന്നത് 14.5 കോടിയുടെ പദ്ധതി: പി.രാജീവ് P Rajeev
Kerala

പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിക്ക് അംഗീകാരം, നടപ്പാക്കുന്നത് 14.5 കോടിയുടെ പദ്ധതി: പി.രാജീവ്

വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മന്ത്രി പി.രാജീവിന്റെ നിർദ്ദേശപ്രകാരം ജലവിഭവ വകുപ്പ് മാപ്പിംഗ് നടത്തിയാണ് പരിഹാര പദ്ധതി തയ്യാറാക്കിയത്

Renjith Krishna

കളമശേരി: കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ - വെള്ളക്കെട്ട് സാധ്യതകൾ പൂർണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിക്ക് അംഗീകാരമായി. കളമശേരി സഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്ളിമെന്റെഷൻ കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പൊട്ടച്ചാൽ തോടിന്റെ സമഗ്ര നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മന്ത്രി പി.രാജീവിന്റെ നിർദ്ദേശപ്രകാരം ജലവിഭവ വകുപ്പ് മാപ്പിംഗ് നടത്തിയാണ് പരിഹാര പദ്ധതി തയ്യാറാക്കിയത്. ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. കൽവർട്ടും പുനർനിർമ്മിക്കും. കയ്യേറ്റം മൂലം തോടിന്റെ വീതി ഗണ്യമായി കുറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും നേരിയ നീർച്ചാലായി തോട് മാറി. വർഷകാലത്ത് ജലമൊഴുക്ക് താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ പെട്ടെന്ന് വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്യുന്നതായി ജലവിഭവ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ജനവാസ മേഖലകളായ പൊട്ടച്ചാൽ, കുസാറ്റ് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

9 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 1037 മീറ്റർ ദൈർഘ്യത്തിൽ തോടിന്റെ വീതി കൂട്ടും. മന്ത്രി തലത്തിൽ നിരവധി യോഗങ്ങൾ ചേർന്നാണ് പദ്ധതി അന്തിമമാക്കിയത്. പ്രദേശത്തിന്റെ ദീർഘകാലാവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ആർ. കെ. ഐ നിർവ്വഹണ സമിതി യോഗത്തിൽ ചെയർമാൻ ഡോ. കെ.എം എബ്രഹാം അധ്യക്ഷനായി.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും