.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 33,711 പോളിങ് സ്റ്റേഷനുകൾ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ടുഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 33,711 പോളിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളിൽ 28,127 മുനിസിപ്പാലിറ്റികളിൽ 3569, കോർപ്പറേഷനുകളിൽ 2015 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. ഡിസംബർ ഒൻപത്, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
പോളിങ് സ്റ്റേഷനുകളിലെയും അവയുടെ പരിസരത്തെയും എല്ലാ പ്രവർത്തനങ്ങളിലും പൂർണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മിഷൻ നിർദേശിച്ചു. വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റ് പാഴ്വസ്തുക്കളും വേർതിരിച്ച് ശേഖരിക്കാനും ഹരിത ചട്ടങ്ങളനുസരിച്ച് നശിപ്പിക്കാനും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ആവശ്യമായിടത്ത് ഹരിതകർമ സേനയുടെ സേവനം പ്രയോജനപ്പെടുത്തണം. പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ഫർണിച്ചറുകൾ, ടോയ്‌ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർമാർക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചുകളും കസേരകളും തണലിനുള്ള സൗകര്യങ്ങളും ഒരുക്കണം. പോളിങ് സ്റ്റേഷനുകളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യമൊരുക്കുന്നതിന് ശ്രദ്ധ നൽകണം.
കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് റാംപ് സൗകര്യമില്ലെങ്കിൽ അത് താത്കാലികമായി ഒരുക്കണം. ഇവർക്കായി വിശ്രമസൗകര്യം പോളിങ് സ്റ്റേഷനിലോ സമീപത്തോ സജ്ജീകരിക്കണം. കാഴ്ചപരിമിതർ, ഭിന്നശേഷിക്കാർ, രോഗികൾ, മുതിർന്നവർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണം. അന്ധതയുള്ളതോ അവശതയുള്ളതോ ആയ വോട്ടർമാർക്ക് ഒരു സഹായിയെ അനുവദിക്കുന്നതിനും പ്രത്യേക നിർദേശം നൽകണം. പോളിങ് ദിവസവും തലേദിവസവും ആവശ്യമായ ലൈറ്റും ഫാനുകളും പ്രവർത്തനക്ഷമമാക്കണം. വൈദ്യുതി, വെള്ളം എന്നിവ കെട്ടിടത്തിൽ ലഭ്യമല്ലെങ്കിൽ കെഎസ്ഇബി, വാട്ടർ അതോറിറ്റി പ്രാദേശിക ഓഫിസുകളുമായി ബന്ധപ്പെട്ട് അത് ഉറപ്പാക്കണം. സാധിക്കാത്തപക്ഷം പോർട്ടബിൾ സംവിധാനങ്ങൾ ഏർപ്പെടുത്തണം. വെളിച്ചമില്ലാത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
ടോയ്‌ലെറ്റ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ അതിനുള്ള ക്രമീകരണം അടിയന്തരമായി നടത്തണം. ഇതിനായി സമീപ സ്ഥാപനങ്ങളിലോ വീടുകളിലോ സൗകര്യം ഉപയോഗപ്പെടുത്തണം. പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീയുടെ സഹകരണത്തോടെ നടത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കമ്മിഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉൾപ്രദേശത്തുള്ള പോളിങ് സ്റ്റേഷനുകളിലെത്തുന്ന വഴികൾ വൃത്തിയാക്കുകയും, സ്റ്റേഷനുകളുടെ പരിസരം ശുചിയായി സൂക്ഷിക്കുന്നതിനുള്ള നടപടികൾ വോട്ടെടുപ്പിനു രണ്ടു ദിവസം മുൻപ് പൂർത്തിയാക്കുകയും വേണം. പോളിങ് ടീമുകൾ എത്തുമ്പോൾ സ്റ്റേഷനുകൾ വൃത്തിയായിരിക്കുകയും പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങാനുള്ള രീതിയിൽ ക്രമീകരണങ്ങൾ ഉറപ്പാക്കുകയും വേണം. അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും, വോട്ടെടുപ്പിനു ശേഷം ഉപയോഗിച്ച മുറികളും പരിസരവും വൃത്തിയാക്കി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറണമെന്നും ഇക്കാര്യങ്ങൾ ജില്ലാ കലക്റ്റർമാർ ഉറപ്പുവരുത്തണമെന്നും കമ്മിഷൻ നിർദേശിച്ചു.