എ. സുരേഷ്
file photo
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ സിപിഎമ്മിനെ സമ്മർദത്തിലാക്കി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പെഴ്‌സണൽ അസിസ്റ്റന്‍റായിരുന്ന എ. സുരേഷ്. സിപിഎമ്മിൽ നിന്നു പുറത്താക്കിയ തന്നെ തിരിച്ചെടുക്കാൻ വൈകുന്നത് എന്തുകൊണ്ടെന്നത് അടക്കമുള്ള ചോദ്യങ്ങളാണ് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയോട് ഫെയ്സ്ബുക്കിലൂടെ സുരേഷ് ഉന്നയിച്ചിരിക്കുന്നത്.
മലമ്പുഴയിൽ യുഡിഎഫ് ടിക്കറ്റിൽ സ്വതന്ത്രനായി മത്സരിക്കുമെന്നുള്ള വ്യക്തമായ സൂചനയും അദ്ദേഹം നൽകുന്നു. മലമ്പുഴയിൽ സ്ഥാനാർഥിയാകാൻ എ. സുരേഷിനെ കോൺഗ്രസ് നേതൃത്വം സമീപിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.
തന്നെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത് 2013 മേയ് 12,13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണെന്ന് ഓർമിച്ചുകൊണ്ടാണ് എ. സുരേഷ് എം.എ. ബേബിയോട് ചോദ്യങ്ങൾ ആരംഭിക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നേതൃത്വം പറഞ്ഞ കാരണങ്ങളും അവയ്ക്കുള്ള തന്‍റെ വിശദീകരണങ്ങളും സുരേഷ് അക്കമിട്ട് നിരത്തുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലം മുതൽ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു പല നേതാക്കളെയും സമീപിച്ച കാര്യവും സുരേഷ് വെളിപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന വാർത്തയോട് സുരേഷ് നേരിട്ടു പ്രതികരിക്കാത്ത സുരേഷ് 'നാളെ മുതൽ എനിക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല, അതൊക്കെ സ്വീകരിക്കാൻ തയാറാണ്' എന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.