സർ, അജീഷിനെപോലെയുള്ളവർ അങ്ങയുടെ കരുത്താണ്, മറ്റേയാൾ ശാപവും; ഗണേഷ് കുമാറിനോട് കിഷോർ സത്യ
കിഷോർ സത്യ ഫെയ്സ ്ബുക്കിൽ പങ്കുവച്ച ചിത്രം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ നിന്നും ഉണ്ടായ മോശം അനുഭവവും മികച്ച അനുഭവവും പങ്കുവച്ച് നടൻ കിഷോർ സത്യ. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് തുറന്ന കത്തുമായാണ് കിഷോർ സത്യ തന്‍റെ അനുഭവം പങ്കുവച്ചത്. വകുപ്പിന് ശാപമായ ഒരാളും വകുപ്പിന് മുതൽ കൂട്ടായ ഒരാളുമാണ് കിഷോർ സത്യയുടെ കുറിപ്പിലുള്ളത്.
കിഷോർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ കെഎസ്ആർടിസി ബസ് വന്നിടിച്ചതും തുടർന്ന് ഡ്രൈവറുടേയും കണ്ടക്ടറുടേയും പെരുമാറ്റത്തെക്കുറിച്ചുമാണ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫെയ്സ് ബുക്ക് ഇങ്ങനെ...
ബഹു : ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ. ബി. ഗണേഷ് കുമാർ സർ,
നമ്മുടെ KSRTC യിലെ ഈ അജീഷിനെ പോലെയുള്ളവരാണ് സർ അങ്ങയുടെ പിൻബലം.
ഇന്നലെ വൈകിട്ട് 7 മണിയോടെ ഞാൻ കഴക്കൂട്ടം ഭാഗത്തുനിന്നും ശ്രീകാര്യത്തേക്ക് കുടുംബമായി വരുകയായിരുന്നു. ജംഗ്ഷൻ എത്തുന്നതിനു മുൻപ് വഴിയിൽ ട്രാഫിക് ബ്ലോക്ക് കാരണം ഞാൻ വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. പെട്ടന്ന് വണ്ടിയൊന്നു അനങ്ങി. നോക്കുമ്പോൾ നിർത്തിയിട്ടിരുന്ന എന്‍റെ കാറിന്‍റെ പിന്നാമ്പുറത്തു വന്ന് ഒരു ksrtc ഫാസ്റ്റ് പാസ്സഞ്ചർ ബസ്സ് മുത്തമിട്ടു.
ഞാൻ പുറത്തിറങ്ങി, ഡ്രൈവറോട് പറഞ്ഞു, നിർത്തിയിട്ടിരിക്കുന്ന ഒരു വണ്ടിയിൽ കൊണ്ട് ഇടിക്കുന്നത് ഒരു മര്യാദയാണോ?! അദ്ദേഹം ഇതൊന്നും എനിക്ക് ബാധകമല്ല എന്ന മട്ടിൽ സ്റ്റിയറിങ്ങ് വീലിൽ ഇരു കൈകളും പിടിച്ച് പ്രതിമപോലെയിരുന്നു. മിഥുനം സിനിമയിൽ തേങ്ങ ഉടയ്ക്ക് സ്വാമി എന്ന് ജഗതി ചേട്ടൻ അക്രോശിക്കുമ്പോൾ കൈയ്യും കെട്ടി നിർവികാരനായി നിൽക്കുന്ന ഇന്നെസെ ന്‍റ് ചേട്ടന്‍റെ മുഖഭവമായിരുന്നു ആ ഡ്രൈവർക്ക്.
ഞാൻ ചിത്രങ്ങൾ എടുത്ത ശേഷം കാർ സൈഡിലേക്ക് പാർക്ക് ചെയ്തു. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതല്ലോ. പക്ഷെ ഈ ഡ്രൈവർ സർ ബസ് മാറ്റാതെ അതെ ഇരുപ്പ് തുടർന്നു.
ബസിൽ നിന്നും യാത്രക്കാർ ഇറങ്ങി വന്ന് യാത്ര മുടങ്ങുന്നതിലെ അവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു. ഒരാൾ വന്ന് പരുഷമായും സംസാരിച്ചു.
അപ്പോൾ ഒരു ചെറുപ്പക്കാരൻ എന്‍റെ അടുത്തേക്ക് വന്ന് പറഞ്ഞു, സർ എന്‍റെ പേര് അജീഷ്, ഞാൻ ഈ ബസിന്‍റെ കണ്ടക്ടർ ആണ്. സോറി സർ, ഞാൻ പുറകിൽ ആയിരുന്നു. ഇപ്പോഴാണ് കാര്യം മനസ്സിലായത്. സോറി സർ. എന്ത് വേണമെന്ന് സർ പറഞ്ഞാൽ മതി. എന്ത് വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞു.
ഡ്രൈവറുടെ മോശം പെരുമാറ്റത്തെ പറ്റി ഞാൻ പറഞ്ഞു. ഒരു പക്ഷെ ഞാൻ ചെന്നപ്പോൾ "സോറി" എന്നൊരു വാക്ക് എങ്കിലും പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ its ok എന്ന് പറഞ്ഞുകൊണ്ട് വണ്ടിയുമെടുത്തു ഞാൻ പോയേനെ എന്ന് പറഞ്ഞു.
എത്ര മാന്യവും മധുരവുമായാണ് അജീഷ് പെരുമാറിയത്! അദ്ദേഹം എനിക്ക് അദ്ദേഹത്തിന്‍റെ ഫോൺ നമ്പറും കൈമാറി.
crisis management ന്‍റെ ഒരു ഉത്തമ ഉദാഹരണമായിരുന്നു അജീഷിന്‍റെ ആ പെരുമാറ്റം.
സർ,
KSRTC യെ മെച്ചപ്പെടുത്താൻ അങ്ങ് ഊണും ഉറക്കവും വെടിഞ്ഞു പരിശ്രമിക്കുന്നത് ഏറെ അടുത്ത് നിന്ന് മനസ്സിലാക്കുന്ന ഒരാൾ എന്ന നിലയ്ക്ക് അജീഷിനെ പോലെയുള്ള തൊഴിലാളികളാണ് അങ്ങയുടെ അല്ല നമ്മുടെ കരുത്ത്! ഒപ്പം നിർത്തിയിട്യിരുന്ന വാഹനത്തിന്‍റെ പിന്നിൽ ബസ് കൊണ്ട് ഇടിച്ചിട്ട് പാറ പോലെയിരുന്ന ആ ഡ്രൈവറെപ്പോലെയുള്ളവർ കോർപറേഷന്‍റെ ബാധ്യതയുയും ശാപവും!
കണ്ടക്ടർ അജീഷിന് ഞാൻ എന്‍റെ ഹൃദയത്തിൽ നിന്നും ഒരു 'ഗുഡ് സർവീസ് എൻട്രി മെഡൽ" ഇതാ സമർപ്പിക്കുന്നു.
പിന്നെ, ഞാൻ ഒരു നടൻ ആയതുകൊണ്ട് എന്നെ തിരിച്ചറിഞ്ഞത് കൊണ്ട് അദ്ദേഹം നൽകിയ privrlage അല്ലായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. ഒരു സാധാരണക്കാരൻ ആയിത്തന്നെയാണ് എന്നോട് ഇടപെട്ടത്. അവസാനം നന്ദി പറഞ്ഞു തിരികെ ബസിൽ കയറാൻ തുടങ്ങിയപ്പോൾ മാത്രമാണ് അനീഷ് എന്നെ തിരിച്ചറിഞ്ഞത് പോലും!
(തിരക്കിനിടയിൽ അജീഷിന്‍റെ ഒരു ഫോട്ടോ എടുക്കാൻബി പറ്റിയില്ല എന്ന വിഷമം ബാക്കി നിൽക്കുന്നു.)