കൊച്ചി: ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി വിധി നവംബർ 4ന്. 15 ദിവസം കൊണ്ട് വിചാരണ അതിവേഗം പൂർത്തിയാക്കി കുറ്റകൃത്യം നടന്ന് 100 ദിനത്തിലാണ് വിധി പ്രഖ്യാപിക്കുന്നത്.
എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. ബിഹാർ സ്വദേശി അസഫാക് ആലമാണ് കേസിൽ പ്രതി. കേസിൽ ആകെ 45 സാക്ഷികളെ വിസ്തരിക്കുകയും 10 തൊണ്ടി മുതലുകളും 95 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. 645 പേജുള്ള പഴുതടച്ച കുറ്റപത്രമാണ് പ്രതിക്കെതിരെ അന്വേഷണ സംഘത്തലവനായ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ സമർപ്പിച്ചത്.
ജൂലൈ 28 നാണ് സംഭവം. ബിഹാർ സ്വദേശികളായ ദമ്പതികളുടെ 5 വയസ് പ്രായം വരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ അസം സ്വദേശി അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലപ്പെടുത്തിയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ പുഴയോരത്തെത്തിച്ചത്. ഒന്നര വർഷം മുൻപ് കേരളത്തിലെത്തിയ പ്രതി നിർമാണജോലികൾ ചെയ്താണ് ജീവിച്ചിരുന്നത്. ഇതിനു മുൻപ് മൊബൈൽ മോഷണക്കേസിലും അസഫാക്ക് പ്രതിയായിട്ടുണ്ട്. ഒക്ടോബർ നാലിനാണ് കേസിൽ വിചാരണ തുടങ്ങിയത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.