പ്രതി രാജേന്ദ്രൻ |വിനീത

 
Kerala

പട്ടാപ്പകൽ‌ നഗരത്തെ നടുക്കിയ അരുംകൊല; വിനീത കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ

വിനീതയുടെ കഴുത്തിൽ കിടന്ന നാലര പവന്‍റെ മാല സ്വന്തമാക്കാനായാണ് പ്രതി രാജേന്ദ്രൻ അരും കൊല നടത്തുകയായിരുന്നു

തിരുവനന്തപുരം: അലങ്കാര ചെട്ടി വിൽപ്പന കേന്ദ്രത്തിലെ ജോലിക്കാരി വിനീത (38) കൊല്ലപ്പെട്ട കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് വിലയിരുത്തിയായിരുന്നു കോടതി നടപടി. ഏപ്രിൽ 10 ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷവിധിക്കാനായി മാറ്റുകയായിരുന്നു.

2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിനീതയുടെ കഴുത്തിൽ കിടന്ന നാലര പവന്‍റെ മാല സ്വന്തമാക്കാനായാണ് പ്രതി രാജേന്ദ്രൻ കൊലചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. ഓൺലൈൻ ട്രേഡിങിനായി പണം കയ്യിലില്ലാതെ വന്നതോടെയാണ് രാജേന്ദ്രൻ മോഷണത്തിലേക്കും കൊലപാതകത്തിലേക്കും ഇറങ്ങിയത്.

അമ്പലമുക്ക് ജംഗ്ഷനിലെ മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ടാണ് താൻ അന്ന് എത്തിയിരുന്നതെന്നാണ് രാജേന്ദ്രന്‍റെ മൊഴി. ആ സ്ത്രീയുടെ കഴുത്തിലെ വലിയ മാലയായിരുന്നു ലക്ഷ്യം. അവരുടെ പിന്നാലെ കുറച്ചു ദൂരം നടന്നെങ്കിലും ഒരു വളവിൽ വച്ച് അവരെ കാണാതായി. ഇവരെ തിരിഞ്ഞ് മുന്നോട്ട് നടക്കുമ്പോഴാണ് ചെടി നനച്ചുകൊണ്ടിരിക്കുന്ന വിനീതയെ രാജേന്ദ്രൻ കാണുന്നത്. അവരുടെ കഴുത്തിലുണ്ടായിരുന്നത് നാലര പവന്‍റെ മാലയും.

പിന്നാലെ ചെടി വാങ്ങാനെന്ന വ്യാജേന പ്രതി വിനീതയുടെ അടുത്തെത്തി. ചെടിയിലല്ല, മാലയിലാണ് രാജേന്ദ്രന്‍റെ കണ്ണെന്ന് കണ്ടതോടെ വിനീത ബഹളം വച്ചു. തുടർന്ന് പിടിവലിയായി. ഇതോടെ പ്രതി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വിനീതയെ കുത്തിവീഴ്ത്തുകയായിരുന്നു.

കൊലയ്ക്ക് ശേഷം മുട്ടടയിലെ കുളത്തിൽ പ്രതി കത്തി ഉപേക്ഷിച്ചു. തുടർന്ന് സ്കൂട്ടറിന് ലിഫ്റ്റ് ചോദിച്ച് ഉള്ളൂരിലെത്തി. പിന്നീട് ഓട്ടോയിൽ ക‍യറി രാജേന്ദ്രൻ ജോലി ചെയ്തിരുന്ന ചായക്കടയിലെത്തുകയായിരുന്നു.

തമിഴ്നാട് സ്വദേശിയായിരുന്നു രാജേന്ദ്രൻ. തമിഴ്നാട്ടിലെ തോവാളയിൽ കസ്റ്റംസ് ഉദ്യോഗസ്ഥനേയും ഭാര്യയേയും അവരുടെ 13 കാരിയായ വളർത്തു മകളേയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് രാജേന്ദ്രൻ കേരളത്തിലെത്തി വിനീതയെ കൊലപ്പെടുത്തുന്നത്.

ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച് പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 സാക്ഷികളെ വിസ്തരിച്ചു. പ്രതി സംഭവസ്ഥലത്തുനിന്ന് മടങ്ങുന്നതടക്കമുള്ള സഞ്ചാര പാതകൾ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളടങ്ങുന്ന 12 പെൻഡ്രൈവുകൾ 7 ഡിവിഡികൾ എന്നിങ്ങലെ 222 രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. എം. സലാഹുദ്ദീനായിരുന്നു പ്രോസ്ക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി