തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം അപ്രഖ്യാപിത ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്ന ഡോ.ശശി തരൂർ എം പി കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ കോട്ടയം ജില്ലയിൽ സജീവമായത് കോൺഗ്രസിൽ അസ്വസ്‌ഥത പടർത്തുന്നു. കോട്ടയത്ത് വിവിധ സഭാ നേതൃത്വങ്ങളുടെ പരിപാടികളിൽ പങ്കെടുക്കുന്ന തരൂർ പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഇത് കോൺഗ്രസിന് സഹിക്കാവുന്നതിനും അപ്പുറമാണ്. തരൂരിനെ അവഗണിക്കാൻ തീരുമാനിച്ച സംസ്‌ഥാനത്തെ കോൺഗ്രസ് നേതാക്കൾ, ഇത് ഗൗരവത്തോടെ എടുക്കണമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളിലേക്ക് നുഴഞ്ഞു കയറാനുള്ള തരൂരിന്‍റെ നീക്കം സംശയത്തോടെയാണ് ഹൈക്കമാൻഡും കാണുന്നത്. സിഎസ്ഐ സഭയുടെ പരിപാടിക്കൊപ്പം മറ്റ് ക്രൈസ്തവ സഭകളുടെയും വേദികളില്‍ തരൂര്‍ എത്തുന്നു. ഇത് ഗൗരവമായി തന്നെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് വിലയിരുത്തുന്നുണ്ട്. കോട്ടയത്ത് സി എസ് ഐ സഭയുടെ യോഗത്തില്‍ തരൂര്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇന്നലെയും ഇന്നുമായി സി എസ് ഐ സഭയുടെ അടക്കം ക്രൈസ്തവ സഭകളുടെ ഒന്നിലേറെ പരിപാടികളിൽ തരൂർ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള ആരുടെയെങ്കിലും സഹായം ഇതിനായി ലഭിക്കുന്നുണ്ടോയെന്നും ഹൈക്കമാൻഡ് അന്വേഷിക്കുന്നുണ്ട്.
സിഎസ്ഐ സഭയുടെ പരിപാടിക്കൊപ്പം സിഎംഎസ് കോളെജിലും തരൂര്‍ ഇന്നലെ എത്തിയിരുന്നു. പ്രമുഖ ക്രൈസ്ത വിദ്യാഭ്യാസ ഗ്രൂപ്പാണ് സിഎംഎസ് സഭയുടെ കീഴിലുള്ളത്. "കേരളത്തെ കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടും അതില്‍ യുവതയുടെ പങ്കും" എന്ന വിഷയത്തിലായിരുന്നു തരൂരിന്‍റെ പ്രഭാഷണം. കേരളത്തെ കുറിച്ചുള്ള തന്‍റെ കാഴ്ചപാട് അവതരിപ്പിക്കാന്‍ ക്രൈസ്തവ സഭയുടെ വേദി തരൂരിന് കിട്ടി എന്നത് ചെറിയ കാര്യമല്ല. ഇതിനൊപ്പം ബദനി ഫീസ്റ്റ് സെലിബ്രേഷനിലും തരൂർ എത്തിയിരുന്നു. കോട്ടയം ഗിരിദീപം ഓഡിറ്റോറിയത്തിലായിരുന്നു ഈ പരിപാടി. ഇതിനൊപ്പമാണ് ഇന്ന് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയിലും തരൂര്‍ പങ്കെടുക്കുന്നത്. ഏറെ പ്രാധാന്യമുള്ള ഈ പരിപാടി പാലയിലെ സെന്‍റ് തോമസ് പള്ളിയിലാണ്. പാലാ രൂപതയുടെ അടക്കം പിന്തുണ തരൂരിനുണ്ടെന്ന രാഷ്ട്രീയ സന്ദേശം കേരളത്തിന് നല്‍കാന്‍ ഈ പരിപാടികളിലൂടെ തരൂരിന് കഴിയുന്നു. കോണ്‍ഗ്രസിന്‍റെ കേരളത്തിലെ പരിപാടികളിലൊന്നും തരൂരിനെ പങ്കെടുപ്പിക്കുന്നില്ല. തരൂരിനെ കോണ്‍ഗ്രസുകാരനായി പരിഗണിക്കുന്നില്ലെന്ന് കെ മുരളീധരന്‍ പ്രതികരിക്കുകയും ചെയ്തു. ഇതിനിടെയാണ് പാലാ രൂപതയുടെ അടക്കം ചടങ്ങില്‍ തരൂര്‍ ക്ഷണിതാവുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തില്‍ തരൂരിനുള്ള സാധ്യതയും പ്രാധാന്യവും ക്രൈസ്തവ സഭയും തിരിച്ചിറിയുന്നുവെന്ന വിലയിരുത്തല്‍ ഉയരുകയും ചെയ്യും. നേരത്തെ മുസ്ലീം സംഘടനകളുമായും തരൂര്‍ ഈ തരത്തില്‍ അടുത്തിരുന്നു. മുസ്ലീം ലീഗ് നേതൃത്വവുമായി തരൂരിന് അടുത്ത ആത്മബന്ധമുണ്ട്.. ഇതിനിടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നതും രാജ്യ താല്‍പ്പര്യ വാദവുമായി മോദി സര്‍ക്കാരുമായി അടുക്കുന്നതും. ഇതോടെ തരൂരിനെ കോണ്‍ഗ്രസ് വിരുദ്ധനായി കേരളത്തിലെ നേതാക്കള്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നിട്ടും പാലാ രൂപതയടക്കം തരൂരിനെ ഇപ്പോഴും അംഗീകരിക്കുന്നുവെന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും ഞെട്ടലായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രൈസ്തവ വോട്ട് ബാങ്ക് കോണ്‍ഗ്രസിന് അനുകൂലമായിരുന്നില്ല. ഈ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രൈസ്തവ വോട്ട് ബാങ്ക് ഏറെ പ്രധാന്യമുള്ളതാണ്. അതുകൊണ്ട് കൂടിയാണ് ക്രൈസ്തവ മേഖലകളിലൂടെയുള്ള തരൂരിന്‍റെ കോട്ടയം പര്യടനവും കോണ്‍ഗ്രസിന് തലവേദനയാകുന്നത്.