രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

 
file image
Kerala

വിസി നിയമനത്തിൽ വീണ്ടും ബലാബലം; സര്‍ക്കാര്‍ പാനല്‍ തള്ളി

സുപ്രീം കോടതി വിധിയുടെ ലംഘനമെന്നു മുഖ്യമന്ത്രി.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിനു സര്‍ക്കാര്‍ സമർപ്പിച്ച പാനല്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കർ തള്ളി. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സിസ തോമസിനെയും സാങ്കേതിക സര്‍വകലാശാല വിസിയായി ശിവപ്രസാദിനെയും വീണ്ടും നിയമിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കി. ആറുമാസത്തേക്കാണ് ഇരുവരുടെയും നിയമനം. ഇതോടെ, സർവകലാശാലാ വിഷയത്തിൽ അനുരഞ്ജനത്തിലേക്കു നീങ്ങുമെന്ന തോന്നലുയർത്തിയശേഷം ഗവർണർ- സർക്കാർ പോര് വീണ്ടും മുറുകി.

വിജ്ഞാപനം ഇറങ്ങിയതിനു തൊട്ടുപിന്നാലെ സിസ തോമസും ശിവപ്രസാദും വിസിമാരായി ചുമതലയേറ്റു. സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവരെ നിയോഗിച്ച് ഗവര്‍ണര്‍ക്കു വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു ഗവര്‍ണറുടെ നീക്കം.

എന്നാൽ, ഈ നടപടിക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. സുപ്രീം കോടതി വിധി വന്ന ശേഷവും അതിന്‍റെ അന്തഃസത്തക്കെതിരായ നടപടിയാണ് ഗവര്‍ണറില്‍ നിന്ന് ഉണ്ടായത്. നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. ചാന്‍സലര്‍ സര്‍ക്കാരുമായി യോജിച്ചു തീരുമാനമെടുക്കണമെന്നാണ് കോടതി വിധി. ഇപ്പോള്‍ നിയമിച്ചവര്‍ സര്‍ക്കാര്‍ പാനലില്‍ ഉള്ളവരല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ പാനല്‍ തള്ളിയതിലൂടെ ഗവര്‍ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചാകണം നിയമനമെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമനം ചട്ടവിരുദ്ധമാണെന്നു കണ്ടെത്തിയതിനാലാണു നേരത്തേ ഹൈക്കോടതി ഇവരുടെ നിയമനം റദ്ദാക്കിയതെന്നും പി.രാജീവ് പറഞ്ഞു.

സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നു തന്നെ താത്കാലിക വിസിമാരെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിസ തോമസിന്‍റെയും ശിവപ്രസാദിന്‍റെയും നിയമനം റദ്ദാക്കിയത്. തുടർന്ന് താത്കാലിക വിസി നിയമനത്തിനുവേണ്ടി സര്‍ക്കാര്‍ പട്ടിക കൈമാറുകയും മുഖ്യമന്ത്രിയും മന്ത്രിമാരായ ആര്‍.ബിന്ദുവും പി.രാജീവും ഗവര്‍ണറെ കണ്ടു ചര്‍ച്ച നടത്തുകയും ചെയ്തു.

എന്നാല്‍, തൊട്ടടുത്ത ദിവസം ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് സ്ഥിരം വിസി നിയമനം നടത്താനും അതുവരെ നിലവിലുള്ളവരെ താത്കാലികമായി നിയമിക്കാനും പരമോന്നത കോടതി നിർദേശിച്ചത്. ഇതോടെ, സര്‍ക്കാര്‍ പാനല്‍ തള്ളി താത്കാലിക വിസി നിയമനം നടത്തുകയുമായിരുന്നു ഗവർണർ. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയിലുണ്ടായിരുന്ന ഘട്ടം മുതല്‍ സര്‍ക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടുള്ള ഡോ.സിസ തോമസ്, വീണ്ടും ചുമതലയിലേക്ക് എത്തുന്നതും സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

ബലാത്സംഗക്കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

ബജ്റംഗ്ദളിനെതിരേ പരാതി നൽകി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ‌