കെഎസ്ആർടിസിയിൽ ടാർഗറ്റിന്‍റെ അടിസ്ഥാനത്തിലെ ശമ്പളം നൽകൂവെന്നു തീരുമാനിച്ചിട്ടില്ലെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു. ഘട്ടം ഘട്ടമായി ശമ്പളം നൽകുമെന്നതു മാനേജ്മെന്‍റ് എടുത്ത തീരുമാനമാണെന്നും, കെഎസ്ആർടിസിയുടെ സ്ഥിതി കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഗഡുക്കളായി ശമ്പളം വാങ്ങാൻ നിർബന്ധിക്കില്ല. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ ചർച്ച നടത്താൻ തയാറാണെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
ടാര്‍ഗറ്റിന്‍റെ 100 ശതമാനം നേടിയാല്‍ മുഴുവൻ ശമ്പളവും അഞ്ചാം തീയതിയും, 80 ശതമാനം നേടുന്നവര്‍ക്ക് ശമ്പളത്തിന്‍റെ 80 ശതമാനവും വിതരണം ചെയ്യുമെന്നായിരുന്നു തീരുമാനം. ഇക്കാര്യത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇടതു സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ബസുകളുടെയും ജീവനക്കാരുടെയും അനുപാതം കണക്കിലെടുത്ത് ഓരോ ഡിപ്പോകൾക്കും ടാര്‍ഗറ്റ് നിശ്ചയിക്കാനായിരുന്നു നീക്കം.