pulinthanam church 
Kerala

പുളിന്താനം പള്ളിയിൽ വിശ്വാസികളുടെ ശക്തമായ പ്രതിരോധം, കോടതി വിധി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് പിൻവാങ്ങി

കോടതി വിധി നടപ്പിലാക്കാത്തതിനാൽ പൊലീസിനെയും സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു

കോതമംഗലം: വിശ്വാസികളുടെ ശക്തമായ പ്രതിരോധത്തെ തുടർന്ന് പുളിന്താനം സെന്റ് ജോൺസ് ബസ്ഫാഗെ യാക്കോബായ പള്ളിയിൽ കോടതി വിധി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് പിൻമാറി. തങ്ങൾക്കനുകൂലമായി ലഭിച്ച കോടതി ഉത്തരവ് നടപ്പാക്കത്തതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയിരുന്ന കോടതിയലക്ഷ്യ ഹർജിയിൽ രണ്ടാഴ്‌ച്ചയ്ക്കകം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ജൂലൈ എട്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി വിധി നടപ്പിലാക്കാത്തതിനാൽ പൊലീസിനെയും സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് സംഘം പള്ളി ഏറ്റെടുക്കാനുള്ള നീക്കവുമായി ഞായർ വൈകിട്ട് 5 മണിക്ക് പള്ളിയിലെത്തിയത്.

പൊലിസ് നടപടി ഉണ്ടാകുമെന്ന സൂചനയിൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിയിൽ സംഘടിച്ചിരുന്നു. രാവിലെയോടെ കൂടുതൽ പോലീസും റവന്യു അധികൃതരും പള്ളിയിലെത്തി പള്ളി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറു കണക്കിന് യാക്കോബായ വിശ്വാസികൾ ഗെയ്റ്റ് പൂട്ടി അകത്ത് നിന്ന് പൊലീസിനെ പ്രതിരോധിച്ചു. വിധി നടപ്പിലാക്കാൻ സഹകരിക്കണമെന്ന പൊലീസിന്റെ ആവശ്യം വിശ്വാസികൾ നിരസിച്ചതോടെ അഗ്നി ശമനസേനയുടെ സഹായത്തോടെ ഇരുമ്പ് ഗെയ്റ്റ് കട്ട് ചെയ്ത് മാറ്റാനുള്ള നീക്കം പോലിസ് നടത്തിയത് ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സ്ത്രീകളും കുട്ടികളും ഗെയ്റ്റിൽ കൈകോർത്ത് പിടിച്ച് പൊലീസിന്റെ ഈ നീക്കത്തെ പ്രതിരോധിച്ചു. ഇതിനിടെ രണ്ട് സ്ത്രീകൾ കുഴഞ്ഞ് വീഴുകയും ഒരു സ്ത്രീയുടെ കൈക്ക് പരുക്കേൽക്കുകയും ചെയ്തതോടെ ഭയന്ന് വിറച്ച സ്ത്രീകളും കുട്ടികളും കൂട്ടകരച്ചിൽ ആരംഭിച്ചു. ഇതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു.

കുഴഞ്ഞ് വീണ ഏളേക്കാട്ട് ഗ്രേസി തങ്കച്ചൻ , കൊടക്കപ്പറമ്പിൽ കുഞ്ഞുമോൾ ബാബു, കൈക്ക് പരുക്കേറ്റ അള്ളുങ്കൽ ലിസി വർഗീസ് എന്നിവരെ ആമ്പുലൻസുകളിൽ കോതമംഗലം മാർ ബേസിൽ ആശുപത്രിയിലേക്ക് മാറ്റി. മുവാറ്റുപുഴ ഡി.വൈ.എസ്.പി. ബൈജു പി.എം, തഹസിൽദാർ ജോസുകുട്ടി കെ.എം എന്നിവരുടെ നേതൃത്തിൽ 150 ലേറെ പൊലീസുകാരാണ് പള്ളിയിലെത്തിയിരുന്നത്. കോടതിയലക്ഷ്യ ഹർജി 25 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും അതേ സമയം വിധിക്കെതിരെ യാക്കോബായ വിഭാഗം സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്ന അപ്പീൽ 29 ന് പരിഗണിക്കും. കേസ് കോടതി പരിഗണനയ്ക്ക് എടുത്തെങ്കിലും 29 ലേക്ക് മാറ്റുകയാണുണ്ടായത്.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ