തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിലെത്തിയ തനിക്ക് വധഭീഷണിയുണ്ടെന്ന് ബിപിൻ സി. ബാബു. ആലപ്പുഴയുടെ മന്ത്രി തന്നെ കൈകാര‍്യം ചെയ്യണമെന്ന് പ്രവർത്തക യോഗത്തിൽ നിർദേശം നൽകിയതായും തനിക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ബിപിൻ സി. ബാബു പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്ക് വച്ച കുറിപ്പിലൂടെയാണ് ബിപിൻ ഈ കാര‍്യം വ‍്യക്തമാക്കിയത്.
സുരക്ഷ ആവശ‍്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും കത്ത് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ ഹൈക്കോടതിയേയും സമീപിക്കുമെന്ന് ബിപിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന പ്രവർത്തക യോഗത്തിൽ മന്ത്രി സജി ചെറിയാൻ പങ്കെടുത്തിരുന്നു.
'പ്രിയമുള്ളവരെ.. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നെ പ്രതിരോധിക്കാൻ തീരുമാനിച്ചതായി അറിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിരോധ രീതി നമുക്കെല്ലാവർക്കും അറിവുള്ളതാണ്. ജില്ലയുടെ മന്ത്രി പ്രവർത്തന യോഗത്തിൽ എന്നെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ്. ജനിച്ചാൽ ഒരു ദിവസം മരിക്കണം. സഖാവ് ടി പി ചന്ദ്രശേഖരന്‍റെ അവസ്ഥ നമ്മളെല്ലാവരും കണ്ടതാണ്.
പുന്നപ്ര വയലാറിന്‍റെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ പത്തിയൂരിൽ ഇതെല്ലാം നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാൻ ബിജെപിയിൽ അംഗത്വം എടുത്തത്. എന്നെ ഇനി തളർത്തിയിട്ടാലും എന്നെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയാലും ബിജെപിയുടെ വളർച്ചയേ വിപ്ലഭൂമിയായ ആലപ്പുഴയിൽ ഇനി നിങ്ങൾക്ക് തടയാൻ കഴിയില്ല.' ബിപിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
സ്ത്രീധനപീഡന പരാതിയിൽ ആരോപണവിധേയൻ കൂടിയാണ് ബിപിൻ. വിവാഹ സമയത്ത് 10 ലക്ഷം രൂപ സ്ത്രീ ധനം വാങ്ങിയെന്നും കൂടുതൽ സ്ത്രീധനം ചോദിച്ച് ഭാര‍്യയെ ഉപദ്രവിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഭാര‍്യ നൽകിയ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.