ആനന്ദ് തമ്പി
തിരുവനന്തപുരം: തൃക്കണ്ണാപുരത്തെ ബിജെപി പ്രവർത്തകനായിരുന്ന ആനന്ദ് തമ്പിയുടെ മരണത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. അച്ഛൻ, ഭാര‍്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
ആനന്ദിന് തൃക്കണ്ണാപുരം വാർഡിൽ മത്സരിക്കാൻ താത്പര‍്യമുണ്ടായിരുന്നുവെങ്കിലും കുടുംബത്തിന് താത്പര‍്യമുണ്ടായിരുന്നില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്. അതേസമയം, മത്സരിക്കാൻ താത്പരമുള്ള കാര‍്യം ആനന്ദ് പാർട്ടി നേതാക്കളോട് പറഞ്ഞതായി അറിയില്ലെന്നും കമ്മിറ്റിയിൽ പങ്കെടുത്ത സമയത്തും ആനന്ദ് ഇക്കാര‍്യം പറഞ്ഞില്ലെന്നുമാണ് സുഹൃത്തിന്‍റെ മൊഴി. ആരോഗ‍്യ പ്രശ്നങ്ങൾ മൂലം ഭാര‍്യയുടെ മൊഴിയെടുത്തിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപിച്ചായിരുന്നു ആനന്ദ് തമ്പി ജീവനൊടുക്കിയത്. തന്നെ സ്ഥാനാർഥിയാക്കാത്തതിനു പിന്നിൽ ബിജെപി നേതാക്കളാണെന്ന് ആനന്ദ് ആരോപിച്ചിരുന്നു.
ആർഎസ്എസ്- ബിജെപി നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും തൃക്കണ്ണാപുരത്ത് സ്ഥാനാർഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദിന്‍റെ ആത്മഹത‍്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.