ശരത് ഉമയനല്ലൂർ
തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട്ട് മദ്യ നിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ പോരാട്ടം കടുപ്പിച്ച് പ്രതിപക്ഷം. വീണുകിട്ടിയ ആയുധം ഫലപ്രദമായി ഉപയോഗിക്കാൻ തന്നെയാണു ബിജെപി അടക്കമുള്ളവരുടെ തീരുമാനം. ബ്രൂവറി വിവാദത്തിൽ സർക്കാർ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്.
സഭയിലും പുറത്തും പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. നടപ്പ് സഭാ സമ്മളനത്തില്‍ അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് യുഡിഎഫ് നിയമസഭാ കക്ഷി യോഗം തീരുമാനമെടുക്കും. പ്രാദേശികമായി സമരം ആരംഭിച്ചുകഴിഞ്ഞു.
കഞ്ചിക്കോട് എലപ്പുള്ളി പഞ്ചായത്തില്‍ എഥനോള്‍ പ്ലാന്‍റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂനിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ് യൂനിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്‍റ് എന്നിവ ആരംഭിക്കുന്നതിന് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. കമ്പനി ഉടമ ഗൗതം മല്‍ഹോത്ര ഡല്‍ഹി ആംആദ്മി മദ്യ വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ ആളാണെന്നും കമ്പനിക്കെതിരേ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേസെടുത്തിട്ടുണ്ടെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
അതിരൂക്ഷമായ കുടിവെള്ള ക്ഷാമവും വരള്‍ച്ചാ സാധ്യതയുമുള്ള ജില്ലയായ പാലക്കാട് വീണ്ടും ജലചൂഷണത്തിന് കളമൊരുങ്ങുമെന്നതും പ്രതിപക്ഷം വിമര്‍ശനമായി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ തൃശൂര്‍ പൂരം, വയനാട് പുനരധിവാസം, ധന പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങിയിരുന്നു. വിവാദ വിഷയങ്ങള്‍ തുടര്‍ച്ചയായി ചര്‍ച്ചയ്ക്കെടുത്ത് പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കാമെന്ന തന്ത്രമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. മദ്യ നിര്‍മാണശാലാ അഴിമതി ആരോപണത്തിലും സര്‍ക്കാര്‍ ഇതേ തന്ത്രം സ്വീകരിച്ചേക്കും എന്നാണു സൂചന.
എന്നാല്‍, വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് എക്‌സൈസ് മന്ത്രി ഉത്തരം നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. മന്ത്രി കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനെജരെ പോലെയാണ് സംസാരിച്ചത്. കുപ്രസിദ്ധ കമ്പനിക്ക് എന്തിനാണ് മദ്യ നിര്‍മാണ പ്ലാന്‍റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയത് ദുരൂഹമാണ്. മദ്യ നയം മാറ്റി മദ്യ നിര്‍മാണ യൂനിറ്റിന് അനുമതി നല്‍കാന്‍ തീരുമാനിച്ച വിവരം കേരളത്തിലെ ഒരു ഡിസ്റ്റിലറിയും അറിഞ്ഞില്ല. മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയല്ലാതെ രാജ്യത്തെ മറ്റൊരു കമ്പനിയും സര്‍ക്കാരിന്‍റെ മദ്യ നയംമാറ്റത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നിരിക്കെ ഈ കമ്പനിയുടെ മാത്രം അപേക്ഷയെ ലഭിച്ചുള്ളൂവെന്ന് മന്ത്രി പറയുന്നത് പ്രഹസനമാണ്.
വിഷയം രഹസ്യമാക്കി വച്ച മന്ത്രി മൂന്നു മാസമാണ് ഈ ഫയല്‍ കൈയില്‍ വച്ചത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആറു ദിവസം കഴിഞ്ഞാണ് ഈ ഫയല്‍ മുഖ്യമന്ത്രിയുടെ കൈയിലേക്ക് കൊടുക്കുന്നത്. കോളെജ് തുടങ്ങാനെന്ന പേരില്‍ എലപ്പുള്ളിയില്‍ പഞ്ചായത്തിനെ വരെ കബളിപ്പിച്ച് രണ്ട് വര്‍ഷം മുമ്പാണ് ഈ കമ്പനി ഭൂമി വാങ്ങിയത്. അപ്പോള്‍ ഈ കമ്പനിയുമായുള്ള ഡീല്‍ നേരത്തേ തുടങ്ങിയതാണെന്നു വ്യക്തം- പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേസമയം, വിവാദത്തിന് പിന്നില്‍ രാഷ്‌ട്രീയമെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. പ്രതിപക്ഷം എല്ലാ വികസന പദ്ധതികളെയും എതിര്‍ക്കുന്നവരാണ്. ഒരു തരത്തിലുള്ള ജല ചൂഷണവും അവിടെ നടക്കുന്നില്ല. പ്രതിപക്ഷം കഴിയുന്നത്ര വിവാദവുമായി മുന്നോട്ട് പോകട്ടെയെന്നാണ് തന്‍റെ നിലപാട്. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുമെന്നും എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും മന്ത്രി.