ഇടുക്കിയിൽ 4 പേർ പൊള്ളലേറ്റു മരിച്ച സംഭവം; അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം
ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് വിലയിരുത്തൽ. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, ശുഭയുടെ അമ്മ പൊന്നമ്മ, മക്കളായ അഭിനവ്, അഭിനന്ദ് എന്നിവരാണ് മരിച്ചത്. ശുഭയുടെ ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് ശുഭയും മക്കളും അമ്മയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ശുഭയ്ക്ക് വിഷാദ രോഗമുണ്ടായിരുന്നതായി സൂചനയുണ്ട്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. വീട് പൂർണമായും കത്തി നശിച്ചു.
സംഭവത്തിനു പിന്നാലെ വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. എപ്പോഴാണ് തീപിടിത്തമുണ്ടായതെന്നോ എന്താണ് സംഭവിച്ചതെന്നോ പ്രദേശവാസികൾക്ക് ആർക്കും തന്നെ അറിവില്ല.