Kerala

കുടുംബത്തെ പൊരി വെയിലത്ത് തടഞ്ഞു നിർത്തി വനിതാ എസ്ഐയുടെ പ്രകടനം; മനുഷ്യാവകാശ കമ്മീഷന് പരാതി

വാഹനം ഓടിച്ചയാൾ ഒരു മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞപ്പോഴാണ് കൂടുതൽ അവജ്ഞ വനിതാ എസ്ഐക്ക് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു.

തൃപ്പൂണിത്തുറ: എഐ ക്യാമറ വിവാദങ്ങൾ ചൂട് പിടിച്ച് നിൽക്കുമ്പോൾ, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റിന്റെ പേരില്‍ വാഹനം തടഞ്ഞുനിര്‍ത്തി പട്ടാപ്പകല്‍ നടുറോഡില്‍ ചോദ്യം ചെയ്യലും പൊലീസ് മുറയിലുളള ഭീഷണിയും. എറണാകുളം- കോട്ടയം റൂട്ടിലാണ് തൃപ്പൂണിത്തുറയ്ക്കു സമീപം വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം ക്ഷേത്രദര്‍ശനം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങിവന്ന 2 സ്ത്രീകള്‍ അടങ്ങിയ മൂന്നംഗ കുടുംബത്തെ അരമണിക്കൂറോളം വഴിയിൽ പിടിച്ചിട്ട് പൊലീസ് മുറയില്‍ ഭീഷണിപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

കാറിന്റെ മുന്നിലെ പാസഞ്ചര്‍ സീറ്റിലിരുന്ന യുവതിയോടാണ് വനിതാ എസ്.ഐ തന്റെ പൊലീസ് മുറ പുറത്തെടുത്തത്. തങ്ങള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്ന് സത്യമിട്ട് പറഞ്ഞിട്ടും പൊലീസ് ചെവിക്കൊള്ളാതെ അവഹേളിക്കുന്ന നിലപാടെടുത്തു. താനൊരു ഡോക്റ്റർ ആണെന്നും തങ്ങൾക്ക് നുണ പറയേണ്ട കാര്യമില്ലെന്നും യുവതി ഉറപ്പിച്ച് പറഞ്ഞതോടെ കാറിന്റെ ഇതര രേഖകള്‍ എടുപ്പിച്ച് പരിശോധിക്കാന്‍ തുടങ്ങി. അതും കൃത്യമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ പൊലീസുകാരന് നോട്ടപ്പിശകു വന്നതാവാമെന്ന് പറഞ്ഞ് എസ്.ഐ തലയൂരി.

കാറിന്റെ മുൻ സീറ്റിലിരുന്നയാൾ പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവോ എന്ന് കണ്ടെത്താന്‍ വാഹനം നിര്‍ത്തി ഇറങ്ങുമ്പോള്‍ തന്നെ കഴിയുമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയതാണ് വനിതാ എസ്‌ഐയെ പ്രകോപിപ്പിച്ചത്. തന്നെ ആരും നിയമം പഠിപ്പിക്കാന്‍ വരേണ്ടെന്നായിരുന്നു എസ്‌ഐ യുടെ മറുപടി. ഈ റൂട്ടിലുളള ക്യാമറകള്‍ പരിശോധിച്ചാല്‍ സത്യം വ്യക്തമാകുമെന്നും അതു ചെയ്യാതെ സംശയത്തിന്റെ പേരിൽ തങ്ങളോട് കയര്‍ക്കുന്നത് ശരിയല്ലെന്നും കാറിലുളള കുടുംബം പറഞ്ഞതോടെയാണ് തങ്ങളോട് കയർക്കരുതെന്ന് പറഞ്ഞ് എസ്‌ഐ ഉറഞ്ഞുതുള്ളി വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടത്. അത് കണ്ട്കഴിഞ്ഞ ഉടന്‍ ഡ്രൈവറുടെ ലൈസന്‍സ് കാണണമെന്നായി. അതും ഡിജിറ്റലായി നല്‍കിയതോടെ കാറിന്റെയും വാഹനയാത്രക്കാരുടെയും ചിത്രങ്ങൾ എടുത്ത ശേഷം നിങ്ങളെ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയാണ് എസ്‌ഐ പോയത്. ഇതിനിടെ വാഹനം കൈകാട്ടിയ പൊലീസുകാരന്‍ പിന്‍വലിയുകയും ചെയ്തു.

വാഹനം ഓടിച്ചയാൾ ഒരു മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞപ്പോഴാണ് കൂടുതൽ അവജ്ഞ വനിതാ എസ്ഐക്ക് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. എന്തായാലും ലോക തൊഴിലാളി ദിനത്തിൽ പെരുവഴിയിൽ ഉണ്ടായ ഈ പൊലീസ് മനുഷ്യാവകാശ ലംഘനത്തിനെതിരെ രേഖാമൂലം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ