ശിശുദിന സ്റ്റാംപ് 
Kerala

തന്മയയുടെ വരയിൽ ശിശുദിന സ്റ്റാംപ്

ലളിതകലാ അക്കാദമി മുൻ ചെയർമാനും പ്രശസ്ത ആർട്ട് ക്രിയേറ്ററുമായ നേമം പുഷ്പരാജാണ് സ്റ്റാംപിന്‍റെ ചിത്രം തെരഞ്ഞെടുത്തത്.

Megha Ramesh Chandran

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ അനുമതിയോടെ സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്ന ശിശുദിന സ്റ്റാംപ്-2024ൽ ചിത്രമായി തെളിയുന്നത് കണ്ണൂർ സ്വദേശിനി തന്മയയുടെ രചന. "ബാല സൗഹൃദ കേരളം' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന ശിശുക്ഷേമ സമിതി സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത 339 മത്സരാർഥികളെ പിന്തള്ളിയാണ് പഠനത്തിലും മിടുക്കിയായ വി. തന്മയ ഒന്നാം സ്ഥാനത്ത് എത്തിയത്.

കണ്ണൂർ കണ്ണാടിപ്പറമ്പ് സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ തന്മയ കണ്ണാടിപ്പറമ്പ് കുടുവാൻ ഹൗസിൽ വി. അശോകന്‍റെയും കെ.ചിത്രയുടേയും ഏക മകളാണ്. ചിത്ര രചനാ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള തന്മയ 2024-ൽ ഊർജ സംരക്ഷണ വകുപ്പ് നടത്തിയ മത്സരത്തിൽ ജലഛായം വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും സബ് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡും നേടി.

ലളിതകലാ അക്കാദമി മുൻ ചെയർമാനും പ്രശസ്ത ആർട്ട് ക്രിയേറ്ററുമായ നേമം പുഷ്പരാജാണ് സ്റ്റാംപിന്‍റെ ചിത്രം തെരഞ്ഞെടുത്തത്. ഭാവനാ സമ്പന്നവും അർഥവത്തും ലളിതവും കാഴ്ച സൗന്ദര്യവും നൽകുന്നതുമാണ് തന്മയയുടെ ചിത്രമെന്ന് ജൂറി വിലയിരുത്തി.

ശിശുദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്ന സ്റ്റാമ്പിന്‍റെ വിതരണത്തിലൂടെ ലഭിക്കുന്ന തുക സംസ്ഥാനത്തെ കുട്ടികളുടെ പ്രത്യേകിച്ച് അനാഥ ബാല്യങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു.

വളരുന്ന കുട്ടികളിൽ നാടിനോടും സഹജീവികളോടും സഹാനുഭൂതിയും സഹകരണവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശിശുദിനസ്റ്റാമ്പിലൂടെ ഒരു ചെറു കൈ സഹായം വിദ്യാർഥികളിൽ നിന്നും പൊതു സമൂഹങ്ങളിൽ നിന്നും സമാഹരിക്കുന്നത്. വിദ്യാർഥികൾ തന്നെ ശിശുദിന സ്റ്റാമ്പിന്‍റെ രൂപകൽപ്പന ചെയ്യുന്നതിലൂടെ സ്റ്റാംപിന്‍റെ മഹത്വം വർധിക്കുന്നതായി ജനറൽ സെക്രട്ടറി വ്യക്തമാക്കി.

14ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണ ജോർജ്, വി. ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ഇത്തവണത്തെ ശിശുദിന സ്റ്റാംപ് പ്രകാശനം ചെയ്യും. തന്മയയ്ക്കും പഠിക്കുന്ന സ്‌കൂളിനുമുള്ള പുരസ്കാരങ്ങളും റോളിംഗ് ട്രോഫിയും യോഗത്തിൽ വിതരണം ചെയ്യും.

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

നിധീഷ് ഓൺ ഫയർ; മഹാരാഷ്ട്ര 239ന് പുറത്ത്

റഷ‍്യയിൽ നിന്ന് ഇന്ത‍്യ എണ്ണ വാങ്ങില്ലെന്ന ട്രംപിന്‍റെ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്രം

കവി ജി. ശങ്കരക്കുറുപ്പിന്‍റെ മകൾ രാധ മരിച്ചു

വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപിക അർജുനെ മർദിച്ചതായി സഹപാഠി