Concept illustration Freepik
Kerala

ലഹരി കേസുകളിൽ നടപടി വൈദ്യപരിശോധനയ്ക്കു ശേഷം മാത്രം

അക്രമങ്ങളിൽ ലഹരിക്ക് അടിമയായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വ്യക്തികളെ കസ്റ്റഡിയിൽ എടുത്താൽ ഇനി നേരിട്ടു സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ് റിപ്പോർട്ട് ചെയ്യപ്പെടുന്ന ലഹരിക്കേസുകളിലെ നടപടികൾ വിശദമാക്കി ഡിജിപി ഷേയ്ഖ് ദർവേഷ് സാഹിബിന്‍റെ സർക്കുലർ.

അക്രമങ്ങളിൽ ലഹരിക്ക് അടിമയായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വ്യക്തികളെ കസ്റ്റഡിയിൽ എടുത്താൽ ഇനി നേരിട്ടു സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ലെന്ന് ഡിജിപി സർക്കുലറിൽ വ്യക്തമാക്കുന്നു. കസ്റ്റഡിയിലെടുത്ത വ്യക്തിയെ എസ്എച്ച്ഒ ഉടൻതന്നെ മെഡിക്കൽ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കുകയും ആരോഗ്യനില വിലയിരുത്തുകയും വേണം.

ഡോക്റ്റർമാർ പ്രത്യേക നിർദേശം നൽകുന്ന സാഹചര്യങ്ങളിൽ ഒഴികെ കസ്റ്റഡിയിലുള്ള വ്യക്തിയെ മെഡിക്കൽ ഉദ്യോഗസ്ഥനു മുന്നിൽ സ്വതന്ത്രമായി പെരുമാറാന്‍ അനുവദിക്കരുത്. കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മടങ്ങരുത്.

മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമ്പോൾ, ആ ജുഡീഷ്യൽ ഓഫിസറിൽനിന്നു പ്രത്യേക നിർദേശം ലഭിക്കാതെ കൈയിൽ വിലങ്ങ് വയ്ക്കരുത്. പൊലീസ് നടപടി വിഡിയോയിൽ ചിത്രീകരിക്കണം. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയെ കീഴടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സുസജ്ജരായിരിക്കണം.

ആൽക്കോമീറ്റർ, കൈവിലങ്ങുകൾ, ഹെൽമറ്റുകൾ, കലാപ കവചങ്ങൾ എന്നിവ കരുതണം. വ്യക്തിയുടെ പരുക്കുകൾ, ആരോഗ്യനില, മാനസികനില, അപകടസാധ്യത എന്നിവ ഉൾപ്പെടെ ആശുപത്രി അധികൃതരെയും ഡോക്റ്ററെയും മുൻകൂട്ടി അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു.

സംസ്ഥാനത്ത് ലഹരി കേസുകളിൽ‌ വലിയ വർധനയുണ്ടാകുന്നതും ഇതുമായി ബന്ധപ്പെട്ട നടപടികളിൽ പൊലീസിനെതിരെ പരാതികൾ ഉയരുന്ന സാഹചര്യത്തിലുമാണ് ഡിജിപിയുടെ നിർദേശമെത്തിയിരിക്കുന്നത്.

നേരത്തെ ലഹരിക്കേസുകളിലെ ശിക്ഷാ ഇളവുകള്‍ റദ്ദാക്കി ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ലഹരിക്കടിമയായവർ നടത്തുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി കഴിഞ്ഞ വർഷം ഒരു ലക്ഷത്തിൽ പരം പേർക്ക് ഡീ അഡിക്ഷൻ സെന്‍ററുകളിലുടെ ചികിത്സ നൽകിയിട്ടുണ്ട്. കൂടാതെ കൗൺസിലിങ് സെന്‍റർ വഴി 16063 പേർക്ക് കൗൺസലിങ്ങും നൽകി.

ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തന രഹിതം; പങ്കില്ലെന്ന് കേന്ദ്രം

വ്യാജ മോഷണക്കേസിൽ‌ കുടുക്കിയ സംഭവം; വീട്ടുടമയ്ക്കും മകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്