കൊച്ചി: അരകോടിയുടെ മിനി കൂപ്പർ കാർ വാങ്ങിയതിന്‍റെ പേരിൽ വിവാദത്തിലായ സിഐടിയു നേതാവ് പി.കെ. അനിൽകുമാറിനെതിരെ പാർട്ടി നടപടി. പെട്രോളിയം ആന്‍ഡ് ഗ്യാസ് വർക്കേഴ്സ് യൂണിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ചുമതലകളിൽ നിന്നും ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ചേർന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം
ആഡംബര വാഹനം വാങ്ങിയതും ഇത് ന്യായികരിച്ചതും പാർട്ടിക്ക് ഇഷ്ട്ടക്കേടുണ്ടാക്കി എന്നാണ് സിപിഎം ജില്ലാ കമ്മറ്റി വിലയിരുത്തൽ. പുതിയ കാറുമായുള്ള ഫോട്ടോ അനിൽകുമാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങളുണ്ടാവുന്നത്. ഒരു ഇന്നോവയടക്കമുള്ള ഉയർന്ന മോഡൽ വാഹനം സ്വന്തമായുള്ളപ്പോഴാണ് ഇപ്പോൾ വീണ്ടും പുതിയ കാർ വീട്ടിൽ എത്തിച്ചത്.
ലളിത ജീവിതം നയിക്കണമെന്നും 10,000 രൂപയിൽ കൂടുതൽ വിലയുള്ള എന്തുതന്നെ വാങ്ങിയാലും അത് പാർട്ടിയെ അറിയിക്കണമെന്നും സിപിഎം അംഗങ്ങൾക്കു നിർദേശമുണ്ട്. എന്നാൽ ഇന്ത്യന്‍ ഓയിൽ കോർപ്പറേഷന്‍ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാർ സ്വന്തമാക്കിയതെന്നായിരുന്നു അനിൽകുമാറിന്‍റെ വിശദീകരണം. ഐഒസിയിൽ കരാർ തെഴിലാളിയായ പ്രവർത്തനം ആരംഭിച്ച അനിൽകുമാർ പെട്രോളിയം ആന്‍ഡ് ഗ്യാസ് വർക്കേഴ്സ് യൂണിയന്‍ ജോയന്‍റ് സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.