Kerala

ചീറുന്ന ചുഴലികൾ, കാലം തെറ്റുന്ന കാലവർഷം: കാരണം കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം കാരണം വർധിക്കുന്ന അറബിക്കടലിനു മീതേ രൂപം കൊള്ളുന്ന ചുഴിലിക്കാറ്റുകളുടെ എണ്ണം കൂടുന്നത് മൺസൂണിന്‍റെ സ്വഭാവത്തെയാകെ മാറ്റിമറിക്കുന്നു

അജയൻ

ഒരാഴ്ച വൈകിയാണ് ഇക്കുറി കേരളത്തിൽ മൺസൂൺ എത്തിയത്. ഇടവപ്പാതിയുടെ സ്വഭാവവും പോക്കുവരവുകളുമെല്ലാം ഇതിനകം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സ്വാധീനത്തിൽപ്പെട്ടു കഴിഞ്ഞെന്നാണ് പഠനങ്ങൾ വ്യക്തമാകുന്നത്; മൺസൂൺ വരുന്ന സമയത്ത് അറബിക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

കഴിഞ്ഞ പത്തു വർഷത്തിനിടെ അറബിക്കടലിനു മീതേ ഏഴു ചുഴലിക്കാറ്റുകൾ രൂപംകൊണ്ടിട്ടുണ്ടെന്നാണ് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്‍റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ച് ഡയറക്റ്റർ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടുന്നത്.

കടൽ വെള്ളത്തിന്‍റെ ഉപരിതല ഊഷ്മാവ് 26.5 ഡിഗ്രി സെൽഷ്യസ് വരെയെത്തുമ്പോഴാണ് ചുഴലിക്കാറ്റുകൾക്ക് ശക്തിയാർജിക്കാൻ ആവശ്യമായ ഊർജവും ഈർപ്പവും ലഭിക്കുന്നത്. അന്തരീക്ഷത്തിന്‍റെ താഴ്‌ഭാഗത്തെ ചൂടും ഈർപ്പവുമുള്ള വായുവും മുകൾത്തട്ടിലെ തണുത്ത വായുവും ചേർന്നാണ് ചുഴലിക്കാറ്റുകൾക്ക് അനിവാര്യമായ ഭീമാകാരമായ മേഘങ്ങളും ഇടിമിന്നലുകളുമുണ്ടാക്കുന്നത്. താഴ്‌ഭാഗത്ത് ലംബമായി വീശുന്ന കാറ്റ് ഈ ചാക്രിക പ്രതിഭാസം തടസപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുന്നു.

കാലവർഷമെത്തുന്ന തീയതി സംബന്ധിച്ച പ്രവചനങ്ങളിൽ മാറ്റം വരുത്തേണ്ടിവരുന്നത് നിരന്തരമുണ്ടാകുന്ന ചുഴലിക്കാറ്റുകൾ കാരണമാണെന്ന് കുസാറ്റിലെ അറ്റ്മോസ്ഫറിക് സയന്‍റിസ്റ്റുമാരായ പി.കെ. ബാബു, എസ്. അഭിലാഷ് തുടങ്ങിയവർ ചേർന്നു നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.

കടലിന്‍റെ ഊഷ്മാവ് കൂടുന്നതെന്തുകൊണ്ട്?

ജൂൺ 21ന്‍റെ ഉത്തരായണത്തോടെ ഭൂമിയുടെ ഉത്തരാർധഗോളം സൂര്യനു നേരെ ചരിയുന്നു. ഇതോടെ പകലുകൾ ദൈർഘ്യമേറുകയും നേരിട്ടു പതിക്കുന്ന സൂര്യപ്രകാശത്തിന്‍റെ അളവ് കൂടുകയും ചെയ്യും. അറബിക്കടലിന്‍റെ ഉപരിതല ഊഷ്മാവ് വർധിക്കാൻ ഈ പ്രതിഭാസം കാരണമാകുന്നുണ്ട്. ഇത് ചുഴലിക്കാറ്റുകൾ രൂപംകൊള്ളാനും കാരണമാകും. ഡിസംബർ 21ന് ദക്ഷിണായനത്തോടെ ഇതിന്‍റെ വിപരീത പ്രതിഭാസവും സംഭവിക്കുന്നു.

ഉത്തരായനത്തിലും ദക്ഷിണായനത്തിലും സമുദ്രത്തിലെ ഉപരിതല ഊഷ്മാവിൽ വിപരീതമായ മാറ്റങ്ങളാണുണ്ടാകുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ സമയത്ത് തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നു വീശുന്ന കാറ്റാണ് സമുദ്രത്തിന്‍റെ ഉപരിതല ഊഷ്മാവ് വർധിപ്പിക്കുന്നത്.

10 വർഷത്തെ ചുഴലിക്കണക്ക്

2014: നനൗക്

2015: അശോഭ

2018: സാഗർ, മെക്‌നു

2019: വായു

2020: നിസർഗ

2021: തക്‌‌തെ

2023:‌ ബിപർജോയ്

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി