മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ  
Kerala

കേന്ദ്രവിഹിതം: ധനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോഴിക്കോട് : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരേ ധനമന്ത്രി നടത്തിയ പരാമർശങ്ങൾക്കാണു മുഖ്യമന്ത്രി മറുപടി നൽകിയത്. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണ്, മൂന്നര വർഷം ക്ഷേമ പെൻഷൻ വിഹിതം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസഹായം ലഭിക്കുന്നതു ചുരുക്കം ചില ഇനങ്ങൾക്കു മാത്രമാണ്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ ഇതൊന്നും ഔദാര്യമല്ല. കേരളത്തിനുള്ള വിഹിതമാണ്. കേരളത്തിനുണ്ടായ നഷ്ടത്തിന്‍റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വർഷത്തിൽ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തിൽ കേരളത്തിൽ ഒന്നും കിട്ടില്ലെന്നു മനസിലായി. സംസ്ഥാനങ്ങൾക്ക് വീതിച്ച് നൽകുന്ന നികുതി വിഹിതം കുറഞ്ഞു വരുന്നു. കേരളത്തിനു ഭീമമായ നഷ്ടമാണ് സഹിക്കേണ്ടി വരുന്നത്. 57400 കോടി രൂപ കുറച്ച സ‍ര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നത്, മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ചിട്ട് അതെല്ലാം മറച്ചുവച്ച് ന്യായീകരിക്കുകയാണ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ചെയ്തതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ജിഎസ്ടി വന്നതോടെ വലിയ തോതിൽ നികുതി വിഹിതം കുറഞ്ഞു. 2018 മുതൽ കേന്ദ്രത്തിൽ നിന്നു കിട്ടാനുള്ള വിവിധ തുകകളാണ് മുടങ്ങിയിരിക്കുന്നത്. യുജിസി ഗ്രാൻഡ് ഇനത്തിൽ സംസ്ഥാനം കൊടുത്ത് തീർത്ത തുകയാണ് കേന്ദ്രം വൈകി തന്നത്. സമയാസമയങ്ങളിൽ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഹിതം അനുവദിക്കാന്‍ കേന്ദ്ര സർക്കാർ രണ്ടു തവണ പ്രൊപ്പോസല്‍ ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ നല്‍കിയില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. കേരളം പ്രൊപ്പോസല്‍ നല്‍കാത്തത് കൊണ്ടാണ് കേന്ദ്രവിഹിതം നല്‍കാത്തതെന്നും ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ അക്കൗണ്ടന്‍റ് ജനറൽ വഴി കൃത്യമായി കണക്കെത്തിക്കണം. ഇതില്‍ കേരളം വീഴ്ച വരുത്തിയിരുന്നുവെന്നും കണക്കുകള്‍ ലഭിക്കാതെ നഷ്ടപരിഹാരം എങ്ങനെ നല്‍കുമെന്നും ധനമന്ത്രി ചോദിച്ചു.

''മോദി വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി ഉൾപ്പെടെ ജയിലിലാവും'', കെജ്‌രിവാൾ

ഋഷഭ് പന്തിനു സസ്പെഷൻ; ആർസിബിക്കെതിരേ കളിക്കാനാവില്ല

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്

എംഡിഎംഎയും മാരകായുധങ്ങളുമായി യുവതി അടക്കമുള്ള ഗുണ്ടാസംഘം പിടിയിൽ

നിലമ്പൂർ സ്വദേശിക്ക് യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; കൈകളിലും വയറിലും കുമിളകള്‍