Representative image for a court 
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ്: വിധി ഇന്ന്

മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി നല്‍കിയ ഹര്‍ജിയിൽ ലോകായുക്ത വിധി പറയും

MV Desk

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ ലോകായുക്ത ഇന്ന് വിധി പറയും. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് വിധി പറയുക. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.

കോണ്‍ഗ്രസ് നേതാവ് ആര്‍.എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ നടപടിയാവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്. നേരത്തെ രണ്ടംഗ ബെഞ്ച് പരഗണിച്ചിരുന്നുവെങ്കിലും തുടര്‍ന്ന് വിശദ പരിശോധനക്കായി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഇതിനിടെ കേസില്‍ വിധി പറയുന്നതില്‍ നിന്ന് ഉപലോകായുക്തമാരെ മാറ്റണമെന്നാവശ്യപ്പെട്ട് ശശികുമാര്‍ ഉപഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ മുഖ്യമായി പരാമര്‍ശിച്ചിട്ടുള്ള മുന്‍ സിപിഎം എംഎല്‍എയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഓര്‍മക്കുറിപ്പുകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാര്‍ക്ക് നിഷ്പക്ഷ വിധിന്യായം നടത്താന്‍ സാധിക്കില്ലെന്ന് ആരോപിച്ചായിരുന്നു ഉപഹര്‍ജി.

അതേസമയം ലോകായുക്ത നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ലെന്നതിനാല്‍ വിധി സര്‍ക്കാരിന് നിര്‍ണായകമാണ്. 2018 ലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് അനധികൃതമായി രാഷ്‌ട്രീയക്കാർക്കു നല്‍കിയെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചിരുന്നത്.

മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുമെതിരേയാണ് ശശികുമാര്‍ കേസ് നല്‍കിയത്. കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും അന്തരിച്ച എംഎല്‍എ കെ.കെ രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടര ലക്ഷം രൂപയും നല്‍കിയതാണ് ആര്‍. എസ് ശശികുമാര്‍ ലോകായുക്തയില്‍ ചോദ്യം ചെയ്തത്.

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

ഡോക്റ്ററുടെ കാല് വെട്ടണമെന്ന് ആഹ്വാനം; ഷാജൻ സ്കറിയക്കെതിരേ കേസ്

അർദ്ധനഗ്നരായ സ്ത്രീകൾക്കൊപ്പം നീന്തിത്തുടിക്കുന്ന ബിൽ ക്ലിന്‍റൺ; 'എപ്സ്റ്റീൻ ഫയൽസ്' പുറത്ത്

കോഴിക്കോട്ട് ആറു വയസുകാരനെ കഴുത്തുഞെരിച്ച് കൊന്നു; അമ്മ അറസ്റ്റിൽ

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ മരിച്ചു