Kerala

മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിനു ഹാജരാകില്ല

ആലപ്പുഴ : നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണല്‍സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാവില്ല. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപിനോടും രാവിലെ 10ന് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ഇന്ന് അവധിയിലാണെന്നും ജോലിത്തിരക്ക് ഇല്ലാത്ത മറ്റൊരു ദിവസം ഹാജരാകാമെന്നും ഇവർ പൊലീസിനെ അറിയിച്ചു.

ഡിസംബർ 15ന് നവകേരള യാത്ര ആലപ്പുഴയിലെത്തിയപ്പോഴായിരുന്നു സംഭവം. കരിങ്കോടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ഗൺമാനടക്കമുള്ളവർ മർദിച്ചത്. അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങി മർദിച്ചു, ലാത്തി കൊണ്ട് അടിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റങ്ങൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവർക്കുമെതിരേ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഗൺമാൻ തിരുവനന്തപുരം കല്ലിയൂർ കാർത്തികയിൽ അനിൽ കുമാറിനും എസ്കോർട്ട് ഉദ്യോഗസ്ഥൻ പൊറ്റക്കുഴി എസ്. സന്ദീപിനുമെതിരേ പൊലീസ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെ യാത്രാ കോ-ഓർഡിനേഷൻ ചുമതല മാത്രമുള്ള ഗൺമാൻ ക്രമസമാധാന പ്രശ്നത്തില്‍ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഗൺമാൻ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ള ആളാണ് ഗണ്‍മാന്‍. തനിക്കോ ബസ്സിനോ നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗണ്‍മാന്‍റെ ചുമതലയാണെന്നും ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'വിരലിലെ ശസ്ത്രക്രിയയ്ക്ക് എത്തിയപ്പോഴാണ് നാക്കിലെ കെട്ട് ശ്രദ്ധിച്ചത്, സസ്പെൻഷൻ ആത്മവീര്യം കെടുത്തും'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്; 301 പേർക്കെതിരേ നടപടി

പ്രത്യേക പരിഗണനയില്ല, ചെയ്തത് ന്യായം; കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിനെതിരായ വിമർശനങ്ങൾ തള്ളി സുപ്രീം കോടതി

വാർഡ് പുനർനിർണയത്തിനൊരുങ്ങി സർക്കാർ; 1200 വാർഡുകൾ വരെ വർധിക്കും

പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു