പൊലീസ് തലപ്പത്ത് റവാഡ, വീണ്ടും ചർച്ചയായി കൂത്തുപറമ്പ് വെടിവയ്പ്പ്; സിപിഎമ്മിന് അതൃപ്തി
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ് കേസിൽ പ്രതിയായിരുന്ന ആളെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിനെത്തുടർന്ന് സിപിഎമ്മിനുള്ളിൽ അതൃപ്തി പുകയുന്നു. പാർട്ടി അംഗങ്ങൾ വൈകാരികമായി സമീപിക്കുന്ന കൂത്തുപറമ്പ് വെടിവയ്പ്പ് നടക്കുന്ന സമയത്ത് എസ്‌പി ആയിരുന്നു രവദ എ. ചന്ദ്രശേഖർ. അന്നു പാർട്ടി രവദ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ പരസ്യമായി നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. അതേ ഉദ്യോഗസ്ഥൻ തന്നെ സംസ്ഥാന പൊലീസ് ഡിപ്പാർട്മെന്‍റിന്‍റെ തലപ്പത്ത് വരുന്നത് പ്രവർത്തകരെ നിരാശരാക്കിയിട്ടുണ്ട്.
രവദയെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത് മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിൽ പോലും നടപടിയിലെ അതൃപ്തി വ്യക്തമാണ്.
കൂത്തുപറമ്പ് വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ ഇടതുമുന്നണി സർക്കാർ നിയമിച്ച പത്മനാഭൻ കമ്മീഷൻ 1997ൽ നൽകിയ റിപ്പോർട്ട് അനുസരിച്ച്, മന്ത്രിയായിരുന്ന എം.വി. രാഘവൻ, ഡെപ്യൂട്ടി കലക്റ്ററായിരുന്ന ടി.ടി. ആന്‍റണി, ഡിവൈഎസ്പി ആയിരുന്ന അബ്ദുൾ ഹക്കീം ബത്തേരി, കൂടാതെ അന്നത്തെ എസ്‌പി രവദ ചന്ദ്രശേഖർ എന്നിവർ ഇതിന് ഉത്തരവാദികളായിരുന്നു.
പൊലീസുദ്യോഗസ്ഥർക്കെതിരേ കേസെടുക്കാൻ കീഴ്ക്കോടതി നടപടിയെടുത്തിരുന്നെങ്കിലും പ്രോസിക്യൂഷൻ മുൻകൂർ അനുമതി വാങ്ങാതെയാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് നടപടികൾ റദ്ദാക്കുകയുണ്ടായി. 1995ൽ പൊലീസുകാർക്കെതിരേ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെത്തുടർന്നാണ് കേസെടുക്കാനുള്ള നടപടിയുണ്ടായത്. രവദ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ അന്ന് കേസെടുത്തു.
ഈ കേസിലെ നടപടികൾ നിർത്തിവയ്ക്കാൻ പ്രതികളുടെ ഹർജിയെത്തുടർന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഹെഡ് കോൺസ്റ്റബിൾമാരായ ശശിധരൻ, സഹദേവൻ, പ്രേംനാഥ്, കോൺസ്റ്റബിൾമാരായ ദാമോദരൻ, രാജൻ, സ്റ്റാൻലി, അബ്ദുൾ സലാം, ജോസഫ്, സുരേഷ്, ചന്ദ്രൻ, ബാലചന്ദ്രൻ, ലൂക്കോസ്, അഹമ്മദ് എന്നിവരെയും 2006ൽ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേസിൽ പ്രതികളാക്കിയിരുന്നു.
രവദ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത് രാഷ്ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്നമല്ലെന്ന് സിപിഎമ്മിന്‍റെ കണ്ണൂർ ലോബിയിലെ കരുത്തനായ പി. ജയരാജൻ പ്രതികരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തങ്ങള്‍ക്കു മുന്നിലെത്തിയ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുകയായിരുന്നു. ആ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കേണ്ടത് സർക്കാരാണ്. മെറിറ്റിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി നോക്കുമ്പോള്‍ പല പൊലീസ് ഉദ്യോഗസ്ഥരും പല ഘട്ടങ്ങളിലും സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കുമൊക്കെ എതിര്‍പ്പുണ്ടാക്കുന്ന നടപടികൾ കൈക്കൊണ്ടിട്ടുണ്ടാവും. കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ രവദ ചന്ദ്രശേഖർ ഉൾപ്പെടെയുളളവർക്കെതിരേ അന്ന് ആക്ഷേപം ഉന്നയിച്ചിരുന്നുവെന്നും ജയരാജൻ പറയുന്നു.
പിന്നീട് 2012ല്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. കൊല നടത്താനുള്ള വ്യക്തി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിര്‍വഹണത്തിലായിരുന്നെന്നും നിരീക്ഷിച്ചാണ് കോടതി മറ്റു പ്രതികളെ ഉള്‍പ്പെടെ കുറ്റവിമുക്തരാക്കിയത്. തുടര്‍ന്ന് കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷൻ ലഭിക്കുകയായിരുന്നു.
1993ൽ പരിയാരം മെഡിക്കൽ കോളെജ് സ്ഥാപിതമായതുമായ ബന്ധപ്പെട്ട പ്രക്ഷോഭങ്ങളാണ് കൂത്തുപറമ്പ് വെടിവയ്പ്പിൽ കലാശിച്ചത്. പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയത് ഡിവൈഎഫ്ഐ ആയിരുന്നു.
1994 നവംബർ 25ന് കൂത്തുപറമ്പിലെ കോർപ്പറേറ്റ് അർബൻ ബാങ്ക് ബ്രാഞ്ച് ഉദ്ഘാടനത്തിനായി അന്നത്തെ സഹകരണ മന്ത്രിയായ എം.വി. രാഘവൻ എത്തുന്നത്. മന്ത്രിയെ തടയാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിക്കുകയും, പൊലീസ് ഇവർക്കു നേരേ വെടിവയ്ക്കുകയുമായിരുന്നു.
പരിയാരം മെഡിക്കൽ കോളെജ് വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാന്‍ കൂത്തുപറമ്പിലെത്തിയതായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് കല്ലേറും സംഘര്‍ഷവുമുണ്ടായി. കണ്ണീര്‍വാതക ഷെല്ലുകളടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പൊലീസ് വെടിവയ്പ്പ് ആരംഭിച്ചു.
അന്നത്തെ വെടിവയ്പ്പിൽ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവർ. പുഷ്പൻ എന്നയാൾക്ക് പരുക്കേറ്റതും അന്നത്തെ വെടിവയ്പ്പിലായിരുന്നു. പിന്നീട് പുഷ്പൻ പാർട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയായി മാറി. 2024 സെപ്റ്റംബർ 28നാണ് പുഷ്പൻ അന്തരിച്ചത്.