തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണനിരക്കിൽ കുറവുണ്ടായതായി മോട്ടോർ വാഹന വകുപ്പിന്‍റെ കണക്ക്. 2024 ൽ 48836 അപകടങ്ങളിൽ നിന്നായി 3714 പേരാണ് മരിച്ചത്. 2023 ല്‍ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളില്‍ 4080 പേരാണ് മരിച്ചിരുന്നു.
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് അപകടങ്ങളില്‍ മരണ നിരക്ക് കുറഞ്ഞത്. ചെറുതല്ല ആശ്വാസമെന്ന പേരിലാണ് അപകട മരണ നിരക്ക് കുറഞ്ഞ കണക്കുകള്‍ മോട്ടോർ വാഹന വകുപ്പ് സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചത്.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...
ഓരോ ശ്വാസവും വിലപ്പെട്ടതാണ്.
കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായതിൽ നമുക്ക് അഭിമാനിക്കാം. ഈ മഹത്തായ ഉദ്യമത്തിന് സുരക്ഷാ മുൻകരുതലുകൾ എടുത്ത് സഹകരിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. അപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമ്പോഴും അപകട മരണ നിരക്ക് കുറച്ച് കൊണ്ട് വരാൻ സാധ്യമായിരിക്കുന്നു. റോഡപകട മരണങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാനം എന്ന സ്വപ്നത്തിന് ഒപ്പം ചേരാൻ എല്ലാവരേയും ഓർമ്മപ്പെടുത്തുന്നു.
2023 ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. 2024 ൽ 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നു. എഐ ക്യാമറകളും എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളും ചേർന്ന് നടത്തിയ മികച്ച എൻഫോഴ്സ്മെൻ്റ് പ്രവർത്തനവും അതിനോട് സഹകരിച്ച് ഒരു വലിയ ഭൂരിപക്ഷം ഹെൽമറ്റ് സീറ്റ് ബെൽട് എന്നിവ ശീലമാക്കിയതും ഈ വലിയ ആശ്വാസത്തിന് കാരണമായി.366 പേരെ രക്ഷപ്പെടുത്തിയതിൽ സുരക്ഷാ മുൻകരുതൽ എടുത്ത യാത്രക്കാർക്കും മാന്യമായി വാഹനം ഓടിച്ച ഡ്രൈവർമാർക്കും അഭിനന്ദനം അറിയിക്കുന്നു.