എക്സൈസ് വകുപ്പിൽ 65 വനിതാ ഓഫീസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനം
തിരുവനന്തപുരം: എക്സൈസ് വകുപ്പില്‍ 65 വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. ഇതിലേക്കു നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തും. ഓരോ ജില്ലയിലും പരമാവധി ഏഴ് നിയമനങ്ങളാണു നടത്തുക. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ അതിശക്തമായ പ്രതിരോധം തീർക്കുന്ന എക്സൈസ് സേനയ്ക്ക് കരുത്താകാൻ ഈ ഉദ്യോഗസ്ഥർക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
നിലവിലുള്ള ഒഴിവുകളെല്ലാം പൂർണമായി നികത്താൻ ശ്രമിക്കുന്നുണ്ട്. കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലാണ് അധിക തസ്തിക സൃഷ്ടിച്ച് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരെ നിയമിക്കാൻ പോകുന്നത്. ഇതു സാധ്യമാക്കിയ മുഖ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി പാര്‍ക്കുകളില്‍ നോൺ സെസ് മേഖലയിലെ ഭൂമിയുടെ നിലവിലുള്ള 30 വര്‍ഷമെന്ന പാട്ടക്കാലാവധി റവന്യു വകുപ്പ് നിര്‍ഷ്കര്‍ഷിക്കുന്നത് പ്രകാരം ഓരോ കേസിന്‍റെയും അടിസ്ഥാനത്തില്‍ നിശ്ചയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മത്സ്യഫെഡിലെ ജീവനക്കാര്‍ക്ക് 2019 ജൂലൈ ഒന്ന് പ്രാബല്യത്തില്‍ ശമ്പള പരിഷ്ക്കരണം അനുവദിക്കും. കെഎസ്ഐഡിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പാക്കും. ഇതേ തീയതിയിൽ പ്രാബല്യം ഉണ്ടാകും.
കേരള ഫീഡ്സ് ലിമിറ്റഡ് കമ്പനിയിലെ മാനേജീരിയല്‍ ആന്‍റ് സൂപ്പര്‍വൈസറി തസ്തികയിലെ സര്‍ക്കാര്‍ അംഗീകൃത ജീവനക്കാര്‍ക്ക് 2021 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ ശമ്പള പരിഷ്ക്കരണം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എല്‍ബിഎസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 വയസില്‍ നിന്ന് 60 വയസായി ഉയര്‍ത്താനും തീരുമാനമുണ്ട്.
മന്ത്രിസഭായോഗത്തിന്‍റെ മറ്റ് തീരുമാനങ്ങൾ
* വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് ലിമിറ്റഡിന് വ്യാവസായിക ആവശ്യത്തിനായി അക്കേഷ്യ മാഞ്ചിയം, അക്കേഷ്യ ഓറിക്കുലിഫോർമിസ്, മിസലേനിയസ് ഫയർ വുഡ്, മഞ്ഞക്കൊന്ന എന്നിവ വില നിശ്ചയിച്ച് അനുവദിക്കും.
* ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്‍റ് പ്ലീഡറായി ചങ്ങനാശേരി, മാലൂർക്കാവ് സ്വദേശി അഡ്വ. സെബാസ്റ്റ്യന്‍ ജോസഫ് കുരിശുംമൂട്ടിലിനെ നിയമിക്കും.
* കണ്ണൂര്‍ പരിയാരം കെകെഎന്‍പിഎം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കും.
* തൃശൂർ ചെമ്പുക്കാവ് ഹോളി ഫാമിലി സിജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി ജൂനിയർ മലയാളം, ഇംഗ്ലീഷ് എന്നിവയിൽ ഒരോ തസ്തികകൾ ഉയർത്തുന്നതിന് അനുമതി നൽകി. എച്ച്എസ്എസ്ടി കമ്പ്യൂട്ടർ സയൻസ്, എച്ച്എസ്എസ്ടി ജൂനിയർ ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ഹിന്ദി എന്നിവയിൽ ഓരോ പുതിയ തസ്തികകളും സൃഷ്ടിക്കും.
* പാലക്കാട് യാക്കര വില്ലേജിൽ അഞ്ച് ഏക്കർ നിലം, വി.ടി.ഭട്ടതിരിപ്പാടിന്‍റെ നാമധേയത്തിൽ സ്ഥാപിക്കുന്ന സാംസ്ക്കാരിക സമുച്ചയ നിർമാണത്തിന് വ്യവസ്ഥകൾക്ക് വിധേയമായി പരിവർത്തനപ്പെടുത്തുവാൻ അനുമതി നൽകും.