തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനായി നടത്തുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ജെൻസി എന്ന് വിളിക്കുന്ന തലമുറ ഡിജിറ്റൽ ഉപകരണങ്ങൾക്ക് നടുവിൽ പിറന്നു വീഴുന്ന ഡിജിറ്റൽ നേറ്റീവ്സ് ആണ്. ആപ്പുകളും ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവച്ച് അവർക്ക് മുന്നോട്ടുപോകാനാകില്ല.
എൻട്രൻസ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാക്കിയിട്ടുണ്ട് - മന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയിൽ പറഞ്ഞു. ഡിഗ്രി കരിക്കുലം പരിഷ്‍കരണം പോലെ പിജി തലത്തിലും കരിക്കുലം പരിഷ്കരിക്കും. ഇതിന് ഡിജിറ്റൽ സർവകാശാലാ മുൻ വിസി ഡോ. സജി ഗോപിനാഥ് അധ്യക്ഷനായ സമിതി കരട് ശുപർശകൾ സമർപ്പിച്ചിട്ടുണ്ട്.
4 വർഷ ബിരുദം സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പവുമില്ല. 4 വർഷ ബിരുദം ആരംഭിച്ച ശേഷം സമയബന്ധിതമായി പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനായി. ബിരുദ പഠനത്തിനു ശേഷം ഗവേഷണ, അധ്യാപക മേഖലയിലേക്ക് കടക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം 4 വർഷ ബിരുദത്തിൽ നൽകിയിട്ടുണ്ട്. 4 വർഷ ബിരുദത്തിൽ ചേരുന്ന വിദ്യാർഥിക്ക് 3 വർഷം കൊണ്ട് 133 ക്രെഡിറ്റ് നേടാനായാൽ ബിരുദം നേടി പുറത്തുപോകാം. ഉന്നത വിദ്യാഭ്യാസത്തിനും പിഎസ്‍സി വഴി തൊഴിൽ തേടാനും ഈ ബിരുദം മതിയാകും- മന്ത്രി വ്യക്തമാക്കി.
2021-26 കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6,000 കോടി രൂപ സർക്കാർ ചെലവഴിച്ചു. വിദ്യാർഥികൾക്ക് രാജ്യത്തിനകത്തും പുറത്തും ഇന്‍റേൺഷിപ്പ് ചെയ്യാൻ അവസരമൊരുക്കാൻ പോർട്ടലുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്‍റേൺഷിപ്പിന് ക്രെഡിറ്റ് നൽകുന്ന സംവിധാനവുമുണ്ട്. ബിരുദതലത്തിൽ ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം വർധിപ്പിക്കാൻ നപടിയെടുത്തു.
ഭാഷാപ്രാവീണ്യം വർധിപ്പിക്കുന്നതിന് മലയാളം സർവകലാശാല കേന്ദ്രീകരിച്ച് സെന്‍റർ ഓഫ് എക്സലൻസ് ആരംഭിച്ചു. പ്രിൻസിപ്പൽമാരുടെ നിയമനവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലുണ്ടായിരുന്ന കേസിൽ വിധി വന്നിട്ടുണ്ട്. ഉടൻ അഭിമുഖം നടത്തി സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കും - മന്ത്രി ചൂണ്ടിക്കാട്ടി.