മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തിയ ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവർത്തകനെതിരേ നിയമ നടപടിക്ക് ദേവസ്വം

 
Kerala

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തിയ ദൃശ്യം പകര്‍ത്തിയ സംഭവം; മാധ്യമപ്രവർത്തകനെതിരേ നിയമ നടപടിക്ക് ദേവസ്വം

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് വിവേക് കിരണ്‍ കുടുംബസമേതം എത്തിയത്

Namitha Mohanan

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണും കുടുംബവും സുഹൃത്തുക്കളും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ജനം ടിവി പ്രാദേശിക ലേഖകൻ രാജു ഗുരുവായൂരിനെതിരേ നിയമ നടപടിക്കൊരുങ്ങി ഗുരുവായൂർ ദേവസ്വം.

ക്ഷേത്രത്തിനകത്ത് വീഡിയൊ ചിത്രീകരണത്തിന് ഹൈക്കോടതിയുടെ വിലക്ക് നിലനില്‍ക്കെ അത് ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് പൊലീസില്‍ പരാതി നല്‍കാന്‍ ദേവസ്വം ആലോചിക്കുന്നത്. എന്നാൽ തന്നെ ദേവസ്വം ജീവനക്കാരൻ സുമേഷും മറ്റു ചിലരും കൈയേറ്റം ചെയ്തു എന്നാരോപിച്ച് രാജുവും പൊലീസിൽ പരാതി നൽകും.

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് വിവേക് കിരണ്‍ കുടുംബസമേതം എത്തിയത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ദര്‍ശന സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വിവേക് കിരണിന്‍റെ സന്ദര്‍ശനം രഹസ്യമായിട്ടായിരുന്നു. മാധ്യമങ്ങളടക്കം ആരെയും ഇക്കാര്യം അറിയിച്ചിരുന്നില്ല.

എന്നാല്‍ ഈ സമയം ക്ഷേത്രപരിസരത്ത് ശ്രീവത്സം ഗസ്റ്റ് ഹൗസിനു സമീപത്തുണ്ടായിരുന്ന പ്രാദേശിക ചാനൽ റിപ്പോര്‍ട്ടര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വിവേകിന്‍റെ ഭാര്യയും കൂടെയുണ്ടായിരുന്നവരും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നും രാജു ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ വിദേശത്തു ജോലി ചെയ്യുന്ന മകന്‍റെ സ്വകാര്യ സന്ദര്‍ശനം രാഷ്‌ട്രീയ വിവാദമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ജനം ടിവി അധികൃതര്‍ പ്രതികരിച്ചു. ഹൈക്കോടതിയുടെ വിലക്കു ബാധകമല്ലാത്ത സ്ഥലത്തു നിന്നാണ് ചിത്രങ്ങളെടുത്തത് എന്നും അവർ പറയുന്നു. ദര്‍ശനത്തിനിടെ വിവേക് കിരണും സംഘവും ക്ഷേത്രത്തിനുള്ളിൽ നടത്തിയ നേര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്റ്റര്‍

കോഴിക്കോട്ട് നാലു വയസുകാരനെ തെരുവ് നായ കടിച്ചു കീറി; പിന്നാലെ നായയെ ചത്ത നിലയിൽ കണ്ടെത്തി

വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് ഒരു മരണം

"രക്ഷപെടാൻ കിട്ടിയത് സെക്കന്‍റുകൾ മാത്രം, തൊട്ടുപിന്നിൽ വലിയ തീഗോളം": പ്രതികരിച്ച് തൊഴിലാളി