പിണറായി വിജയൻ
തിരുവനന്തപുരം: എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോഗതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021ൽ തുടർഭരണം ഉണ്ടായതോടെ പുറകോട്ട് പോക്കുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈസ് ഓഫ് ഡുയിങ് ബിസിനസിൽ കേരളം ഒന്നാമതെത്തുന്നത് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.
ഭരണത്തുടർച്ച കാരണം എല്ലാ മേഖലയിലും മുന്നേറ്റം ഉണ്ടായി. അതിദാരിദ്ര്യം ഇല്ലാതായത് ജനങ്ങൾ എൽഡിഎഫിന് തുടർഭരണം നൽകിയതിനാലാണ്. ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലെത്തി. ശിശുമരണനിരക്ക് അമേരിക്കയേക്കാൾ കുറവാണ്. എൽഡിഎഫ് നല്ല നിലയിൽ പ്രവർത്തിച്ചെന്നാണ് ജനം വിലയിരുത്തുന്നത്. 2021ൽ തുടർഭരണം ഏൽപ്പിച്ചത് പോലെ, തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും ഏൽപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത്, പുരോഗതി നേടിയ എല്ലാ മേഖലകളും പുറകോട്ടുപോവുകയും കേരളത്തിന്‍റെ അഭിമാന സ്തംഭങ്ങളായ മേഖലകൾ പോലും പതനത്തിലാവുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ, പിന്നീട് വരുന്ന ഗവൺമെന്‍റിന്, എൽഡിഎഫിന്, തകർന്ന ഭാഗം നികത്തിയെടുക്കലായിരുന്നു ആദ്യത്തെ പണിയെന്നും അദ്ദേഹം പറഞ്ഞു.2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം പരിശോധിച്ചത് ക്ഷേമ പെൻഷൻ കുടിശിക എത്രയുണ്ടെന്നായിരുന്നു.
18 മാസമായിരുന്നു അന്നത്തെ കുടിശിക. അതായത് പ്രഖ്യാപിച്ച 600 രൂപ ആർക്കും കൊടുത്തിട്ടില്ലായിരുന്നു. ഈ കുടിശിക കൊടുത്തുതീർത്തത് എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്നുള്ള ഓരോ മേഖലയിലും തകർച്ച പരിഹരിക്കുന്നതിനായി ശ്രമങ്ങളുണ്ടായി.2021-ൽ പതിവുപോലെ യുഡിഎഫ് ആണ് അധികാരത്തിൽ വന്നിരുന്നതെങ്കിൽ, നേടിയെടുത്ത നേട്ടങ്ങൾ എല്ലാം പുറകോട്ടു പോകുമായിരുന്നു. എന്നാൽ, ജനങ്ങൾ ഇടതു സർക്കാരിനെ തന്നെ തെരഞ്ഞെടുക്കുകയും കൂട്ടായ പ്രവർത്തനത്തിലൂടെ അതിദാരിദ്ര്യമുക്താവസ്ഥ നേടാനും കഴിഞ്ഞു.
ഇത് ലോക മലയാളികൾക്കും ഇടതുപക്ഷ – പുരോഗമന ചിന്താഗതിക്കാർക്കും അഭിമാനിക്കാനാകുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം നേടിയാൽ എൽഡിഎഫ് സർക്കാരിന്‍റെ മൂന്നാം ഭരണവും ഉറപ്പായെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. അതിദാരിദ്ര്യം അവസാനിപ്പിച്ച നാടായി കേരളം മാറി. വീട്ടമ്മമാർക്ക് പെൻഷൻ നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം മൂന്നാം ഭരണത്തിന്‍റെ കേളികൊട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നേതാക്കളും സ്ഥാനാർഥികളും ചടങ്ങിൽ പങ്കെടുത്തു.