എ. രാജ
file image
ന്യൂഡൽഹി: ദേവികുളം എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് ശരിവച്ച് സുപ്രീംകോടതി. എ. രാജ സംവരണത്തിന് അർഹനാണെന്നും ദേവികുളം ഉപ-തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിയിൽ പിഴവുണ്ടെന്നും ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. എ. രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയത്. ഇതോടെ, എ. രാജയ്ക്ക് എംഎൽഎയായി തുടരാം.
പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത മണ്ഡലത്തിൽ ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചത് സംബന്ധിച്ച് എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ഇതിനെതിരേയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ 1950 ന് മുൻപ് കുടിയേറിയതിനാൽ കേരളത്തിലെ സംവരണത്തിന് അർഹതയുണ്ടെന്നാണ് രാജ വാദിച്ചത്.
എംഎൽഎ എന്ന നിലയ്ക്ക് ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നൽകാനും ജഡ്ജിമാരായ എ. അമാനുള്ള, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 20നാണ് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.