ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ മാറ്റം; ഇനിമുതൽ 'H' എടുക്കുമ്പോൾ പിൻ ക്യാമറകൾ നോക്കാം

 
Kerala

ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ മാറ്റം; ഇനിമുതൽ 'H' എടുക്കുമ്പോൾ പിൻ ക്യാമറകൾ നോക്കാം

മുൻപ് വശങ്ങളിലെയും ഉള്ളിലെയും റിയർവ്യൂ കണ്ണാടികൾ മാത്രം നോക്കി ടെസ്റ്റ് പൂർത്തിയാക്കണമെന്നായിരുന്നു കർശന നിയമം

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ വലിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ "എച്ച്' എടുക്കുന്നതിനുള്ള ടെസ്റ്റ് സമയത്ത് ഇനി മുതൽ റിയർവ്യൂ ക്യാമറകളും സെൻസറുകളും ഉപയോഗിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

മുൻപ് വശങ്ങളിലെയും ഉള്ളിലെയും റിയർവ്യൂ കണ്ണാടികൾ മാത്രം നോക്കി ടെസ്റ്റ് പൂർത്തിയാക്കണമെന്നായിരുന്നു കർശന നിയമം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ഏറ്റവും പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കുന്നത്.

Click to get updates on WhatsApp

പുതിയ സാങ്കേതികവിദ്യകൾ ഡ്രൈവിങ് സുഗമമാക്കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. പലപ്പോഴും 'എച്ച് എടുക്കുമ്പോൾ വാഹനത്തിന്‍റെ പിൻഭാഗം എവിടെയാണെന്ന് മനസിലാക്കാൻ പ്രയാസപ്പെടാറുണ്ട്. പുതിയ മാറ്റത്തോടെ ഈ ടെസ്റ്റ് കൂടുതൽ ലളിതവും കൃത്യതയാർന്നതുമാകും.

നിലവിൽ വിപണിയിലിറങ്ങുന്ന ഭൂരിഭാഗം ആധുനിക കാറുകളിലും കമ്പനി ഫിറ്റഡ് ആയി തന്നെ മികച്ച റിയർവ്യൂ ക്യാമറകളും സെൻസറുകളും ലഭ്യമാണ്. മാറിയ സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി ഡ്രൈവിങ് ടെസ്റ്റുകളും പരിഷ്‌കരിക്കണമെന്ന ദീർഘനാളത്തെ ആവശ്യ പരിഗണിച്ചാണ് ഇപ്പോൾ നിയമത്തിൽ ഇളവ് വരുത്തിയിരിക്കുന്നത്

എങ്കിലും ഈ ഇളവുകൾ അനുവദിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് ചില പ്രധാന നിബന്ധനകളും മുന്നോട്ടുവെക്കുന്നുണ്ട്. ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥി പൂർണമായും ഡാഷ്‌ബോർഡിലെ ക്യാമറ ഡിസ്‌പ്ലേയിൽ മാത്രം നോക്കി വാഹനം പിന്നോട്ട് എടുക്കാൻ പാടില്ല. പരമ്പരാഗത രീതിയിലുള്ള വശങ്ങളിലെ കണ്ണാടികളും കൃത്യമായി നിരീക്ഷിക്കുകയും, അതോടൊപ്പം ഒരു അധിക സഹായമെന്ന നിലയിൽ മാത്രമേ റിയർവ്യൂ ക്യാമറ ഉപയോഗിക്കുകയും ചെയ്യാവൂ. പൂർണ്ണമായും ക്യാമറയെ മാത്രം ആശ്രയിച്ച് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥർക്ക് അത് അയോഗ്യതയായി കണക്കാക്കാനുള്ള പൂർണ അധികാരമുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ മാറ്റം ടെസ്റ്റ് ഗ്രൗണ്ടുകളിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ