കൊച്ചി: ഓപ്പറേഷൻ സമുദ്രഗുപ്ത വഴി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഒരു വർഷത്തിനിടെ പിടിച്ചെടുത്തത് 40,000 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന്. പാക് പൗരൻ ഹാജി സലിമാണു ലഹരിമരുന്ന് കടത്തിനു പിന്നിലെന്നും ഇയാൾ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും എൻസിബി.
ലഹരിമരുന്ന് കടത്തിൽ പാക് ചാര സംഘടന ഐഎസ്ഐക്കു പങ്കുണ്ടെന്ന് എൻസിബി ജനറൽ ഓപ്പറേഷൻ ഡെപ്യൂട്ടി ഡയറക്റ്റർ സഞ്ജയ് സിങ് വെളിപ്പെടുത്തി. ഇതുവഴി ലഭിക്കുന്ന പണത്തിൽ ഒരു പങ്ക് ഐഎസ്ഐക്കുള്ളതാണ്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച ഓപ്പറേഷൻ സമുദ്രഗുപ്തയിൽ ഇതിനു വ്യക്തമായ തെളിവുകൾ ലഭിച്ചെന്നും അദ്ദേഹം.
ഇന്ത്യയിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപയാണ് ഐഎസ്ഐ സമ്പാദിക്കുന്നത്. ഇന്ത്യൻ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെയാണ് ഓപ്പറേഷൻ സമുദ്രഗുപ്ത നടപ്പാക്കുന്നത്. പാക്കിസ്ഥാൻ, ബഹ്റൈൻ, ദുബായ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തുകാർ നിരീക്ഷണത്തിലാണ്.
കൊച്ചിയിൽ ലഹരിമരുന്ന് പിടികൂടിയതിനു പുറമേ ആഴക്കടലിൽ നടത്തിയ ഓപ്പറേഷനിൽ ആറ് ഇറാനികൾ പിടിയിലായെന്നും അദ്ദേഹം. അടുത്തിടെ നടത്തിയ ഓപ്പറേഷനിൽ, ടീം ഒരു മാസത്തോളം കടലിൽ താമസിച്ചു, ഒടുവിൽ വിജയിച്ചു. ഒരു പാക്കിസ്ഥാൻ പൗരനെ പിടികൂടി. കണ്ടെടുത്ത പഴയ ലഹരിമരുന്ന് പരിശോധിച്ചതിൽ പാക്കിസ്ഥാനിൽ നിന്നാണ് ഈ സംഘത്തിന്റെ പ്രവർത്തനം എന്ന് മനസിലായി.
കറാച്ചി നിവാസിയാണ് ഹാജി സലിം. രാജ്യാന്തര വിപണിയിൽ 40,000 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ് ഇതുവരെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.