തൃശൂർ: കാർഷിക സർവകലാശാലയിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് വൈസ് ചാൻസ്‌ലർ ബി. അശോക്. ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്‍യമിടുന്നതെന്നും ബി. അശോക് പറഞ്ഞു. ജീവനക്കാര്‍ക്കായുള്ള ഇ ഓഫീസ് രണ്ടാം ഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിസി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സർവകലാശാലയെ കരകയറ്റാനുള്ള മാർഗങ്ങളിലൊന്നാണ് ജീവനക്കാരെ പിരിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ വിസിക്കെതിരേ പ്രതിപക്ഷ സംഘടനയായ കെഎയു എംപ്ലോയ്സ് യൂനിയന്‍ രംഗത്തെത്തി. ജീവനക്കാരെ പ്രജയായി കാണുന്ന മാടമ്പി സ്വഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എംപ്ലോയ്സ് യൂണിയന്‍ അറിയിച്ചു.