പ്രതിരോധ മതിലിന്‍റെ സംരക്ഷണത്തിൽ ധോണി
കാടും മലകളും വിനോദസഞ്ചാര ആകർഷിക്കുന്നുണ്ടെങ്കിൽ പോലും മനുഷ്യ-വന്യജീവി സംഘർഷം മൂലം വലിയ പ്രസിന്ധികൾ അഭിമുഖീകരിച്ചിരുന്ന ജില്ലയാണ് പാലക്കാട്. സർക്കാരിന്‍റെ കൃത്യമായ നടപടികളിലൂടെ സംഘർഷം ലഘൂകരിക്കാനും പ്രദേശവാസികളുടെ ആശങ്ക ഒഴിവാക്കാനും സാധിച്ചിട്ടുണ്ട്.
പാലക്കാട് ഫോറസ്റ്റ് ഡിവിഷനിലെ ധോണി മുതൽ മീൻവല്ലം വരെ സ്ഥാപിച്ചിരിക്കുന്ന ആന പ്രതിരോധ മതിൽ സംഘർഷം ലഘൂകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. 270 മീറ്ററിലുള്ള ആന പ്രതിരോധ മതിലിനു പുറമെ ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചാല്‍ അടിയന്തിര ഇടപെടല്‍ നടത്താനും വന്യമൃഗങ്ങളെ കാട്ടിലേക്ക് തന്നെ തുരത്താനും ദ്രുതകര്‍മ്മ സേനയും സജ്ജമാണ്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് മതിൽ നിർമിച്ചിരിക്കുന്നത്.
പാലക്കാട് പട്ടണത്തിൽ നിന്ന് വെറും 12 കിലോമീറ്റർ അകലെ മൂടൽമഞ്ഞുള്ള മലനിരകളുള്ള ഒരു റിസർവ് വനമാണ് ധോണി. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. ആന, കടുവ, മാൻ, മറ്റ് മൃഗങ്ങൾ തുടങ്ങിയ വന്യജീവികളാൽ സമ്പന്നമാണ് ഇവിടം. മീൻവല്ലം വെള്ളച്ചാട്ടം കാണാനായി ധാരാളം വിനോദസഞ്ചാരികളും എത്താറുണ്ട്. അതു കൊണ്ടു തന്നെ ആനപ്രതിരോധ മതിലും സോളാർ ഫെൻസിങ്ങും ഇവിടെ ഏറെ പ്രാധാന്യമർഹിക്കുന്നു.