എറണാകുളം - ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 
Kerala

എറണാകുളം - ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാരാണസിയില്‍ നിന്ന് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകളാണ് മോദി ഉദ്ഘാടനം ചെയ്തത്

Namitha Mohanan

ന്യൂഡൽഹി: കാത്തിരുന്ന എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാരാണസിയില്‍ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തത്.

എറണാകുളം സൗത്ത് സ്റ്റേഷനിലാണ് എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരതിന്‍റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. 8.41-ഓടെ ട്രെയിന്‍ യാത്ര ആരംഭിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി. രാജീവ് എന്നവർ പങ്കെടുത്തു.

സർവീസ് ഈ മാസം 11 ന് തുടങ്ങും. ബുക്കിങ് ശനിയാഴ്ച വൈകിട്ടോടെയോ ഞായറാഴ്ച രാവിലെയോടെയോ ആരംഭിക്കും. എറണാകുളം - ബെംഗളൂരു എസി ചെയര്‍ കാറിന് 1500 രൂപ വരെയും എസി എക്സിക്യുട്ടീവ് ചെയര്‍ കാറിന് 2,400 രൂപ വരെയുമാണ്.

പുതിയ വന്ദേ ഭാരത് ട്രെയ്‌നുകൾ എറണാകുളം - ബെംഗളൂരു, ബനാറസ് – ഖജുരാഹോ, ലഖ്‌നൗ – സഹാരൻപുർ, ഫിറോസ്പുർ – ഡൽഹി റൂട്ടുകളിലാണ്. യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ, ഇവ പ്രാദേശിക മൊബിലിറ്റി വർധിപ്പിക്കുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.

ദക്ഷിണേന്ത്യയിൽ എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് യാത്രാസമയം 2 മണിക്കൂറിലധികം കുറയ്ക്കും. 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് യാത്ര പുർത്തിയാക്കും. പ്രധാന ഐടി, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയ്‌ൻ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും വിനോദ സഞ്ചാരികൾക്കും വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്ര നൽകും. ഈ റൂട്ട് കേരളം, തമിഴ്നാട്, കർണാടക എന്നിവയ്ക്കിടയിൽ വലിയ സാമ്പത്തിക പ്രവർത്തനങ്ങളും ടൂറിസവും പ്രോത്സാഹിപ്പിക്കും, ഇത് പ്രാദേശിക വളർച്ചയെയും സഹകരണത്തെയും പിന്തുണയ്ക്കും.

ബനാറസ്– ഖജുരാഹോ വന്ദേ ഭാരത് ഈ റൂട്ടിൽ നേരിട്ടുള്ള കണക്റ്റിവിറ്റി സ്ഥാപിക്കുകയും നിലവിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയ്‌നുകളെ അപേക്ഷിച്ച് ഏകദേശം 2 മണിക്കൂർ 40 മിനിറ്റ് ലാഭിക്കുകയും ചെയ്യും. വാരാണസി, പ്രയാഗ്‌രാജ്, ചിത്രകൂട്, ഖജുരാഹോ എന്നിവയുൾപ്പെടെ മതപരവും സാംസ്കാരികപരവുമായ ചില ലക്ഷ്യസ്ഥാനങ്ങളെ ബനാറസ്- ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കും. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ ഖജുരാഹോയിലേക്ക് തീർഥാടകർക്കും സഞ്ചാരികൾക്കും വേഗതയേറിയതും ആധുനികവും സൗകര്യപ്രദവുമായ യാത്ര നൽകും.

ലഖ്‌നൗ– സഹാരൻപുർ വന്ദേ ഭാരത് 7 മണിക്കൂർ 45 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കും, ഇത് ഒരു മണിക്കൂറോളം യാത്രാസമയം ലാഭിക്കും. ലഖ്‌നൗ, സീതാപുർ, ഷാജഹാൻപുർ, ബറേലി, മൊറാദാബാദ്, ബിജ്‌നോർ, സഹാരൻപുർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വളരെ പ്രയോജനം ചെയ്യും, റൂർക്കി വഴി ഹരിദ്വാർ പുണ്യനഗരിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യും. മധ്യ-പടിഞ്ഞാറൻ ഉത്തർപ്രദേശിലുടനീളം സുഗമവും വേഗതയേറിയതുമായ ഇന്‍റർസിറ്റി യാത്ര ഉറപ്പാക്കുന്നതിലൂടെ, ഈ സർവീസ് കണക്റ്റിവിറ്റിയും പ്രാദേശിക വികസനവും മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കും.

ഫിറോസ്പുർ– ഡൽഹി വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയ്‌നായിരിക്കും. കേവലം 6 മണിക്കൂർ 40 മിനിറ്റ് കൊണ്ട് യാത്ര പുർത്തിയാക്കും. ഫിറോസ്പുർ, ഭട്ടിൻഡ, പട്യാല എന്നിവയുൾപ്പെടെ പഞ്ചാബിലെ പ്രധാന നഗരങ്ങളും ദേശീയ തലസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും.

വന്ദേഭാരതിൽ ഗണഗീതം; ഭരണഘടനാ ലംഘനമെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള; പ്രത‍്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഇൻസ്പെക്റ്ററെ ഉൾപ്പെടുത്തി

പറവൂർ ഹയർ സെക്കൻഡറി സ്കൂളിന് വിഎസിന്‍റെ പേരിടും; ജി. സുധാകരന് കത്തയച്ച് വിദ‍്യാഭ‍്യാസ മന്ത്രി

ഗാബയിൽ മഴയും ഇടിമിന്നലും, മത്സരം ഉപേക്ഷിച്ചു; ഇന്ത‍്യക്ക് പരമ്പര

ഒമ്പതാം ക്ലാസുകാരൻ ബലാത്സംഗത്തിന് ശ്രമിച്ചു; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു