Kerala

നിയമസഭാ കൈയാങ്കളി കേസ്: മുൻ എംഎൽഎമാർ ഹർജി പിൻവലിച്ചു

സിപിഐ മുൻ എംഎൽഎമാരായ ഇ.എസ്. ബിജിമോളും ഗീത ഗോപിയുമാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫിന്‍റെ മുൻ വനിതാ എംഎൽഎമാർ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ കുറ്റപത്രം വായിച്ചശേഷം പുനരന്വേഷണ ഹർജി നിലനിൽക്കില്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.

സിപിഐ മുൻ എംഎൽഎമാരായ ഇ.എസ്. ബിജിമോളും ഗീത ഗോപിയുമാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നത്. കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കെയാണു തടസഹർജിയുമായി കോടതിയെ സമീപിച്ചതും ഇപ്പോള്‍ പിന്‍വലിച്ചതും. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണു ഹര്‍ജി പരിഗണിച്ചത്.

നിയമസഭയിലെ അക്രമത്തിൽ പരുക്കേറ്റെന്നും കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് തങ്ങളുടെ മൊഴിയെടുത്തില്ലെന്നും നേതാക്കൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിയമപരമായി നിലനിൽക്കാത്ത ഹര്‍ജിയിൽ കക്ഷിചേരണമെന്ന ആവശ്യവുമായി കോടതിയിൽ എത്തുന്നതു കേസ് നടപടികളെ വൈകിപ്പിക്കുമെന്നു ഡപ്യൂട്ടി ഡയറക്റ്റർ ഒഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ, വിശദമായ വാദം വേണമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇന്നലെ കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ഹർജി പിന്‍വലിക്കുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ അറിയിച്ചത്.

അതേസമയം, കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി. യു. രാധാകൃഷ്ണന്‍ സമർപ്പിച്ച ഹർജി കോടതി പരിഗണിച്ചില്ല.

ബാർ കോഴക്കേസിൽ ആരോപണ വിധേയനായ മുന്‍ ധനമന്ത്രി കെ. എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് 2015 മാര്‍ച്ച് 13 നാണ് ഇടത് എംഎല്‍എമാർ നിയമസഭയിൽ പ്രതിഷേധിച്ചത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്‍ മന്ത്രിമാരായ ഇ. പി. ജയരാജന്‍, കെ. ടി. ജലീല്‍, മുന്‍ എംഎല്‍എമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവന്‍ എന്നിവരാണു കേസിലെ പ്രതികള്‍. കേസിൽ പ്രതികൾക്കു നൽകേണ്ട ഡിവിഡി ദൃശ്യങ്ങൾ തയാറാണെന്നും, ഉടൻ കൈമാറുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 19നു വിചാരണ തീയതി നിശ്ചയിക്കാനായി മാറ്റി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു