സാങ്കേതിക പരിശോധനയോ മണ്ണ് പരിശോധനയോ നടത്തിയിട്ടില്ല; കൂരിയാട് ദേശീയപാതയിലുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. റിപ്പോർട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി.
നിര്‍മാണ കമ്പനിയടക്കമുള്ള ഏജന്‍സികള്‍ക്ക് വൻവീഴ്ചയാണ് ഉണ്ടായതെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുള്ളത്. പ്രദേശത്ത് റോഡ് നിര്‍മിക്കുന്നതിനായുള്ള മണ്ണ് പരിശോധനയടക്കം ഫപ്രദമായി നടത്തിയില്ല. മേഖലയിലെ നെൽപാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടത്തിയില്ല. ഡിസൈനിൽ വൻ തകരാറാണ് ഉള്ളതെന്നും ദേശീയപാതയിൽ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും വിദഗ്ധ സമിതി കണ്ടെത്തി.
വ്യാഴാഴ്ച രാവിലെയോയെയാണ് മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നത്. ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനും മീറ്ററുകള്‍ക്ക് അടുത്തായിരുന്നു പുതിയ തകര്‍ച്ച. നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നതിനാൽ അപകടം ഒഴിവാക്കാനായി.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തതോടെ കൂരിയാട്ടെ വയലിൽ വെള്ളമുയര്‍ന്നിരുന്നു. വയലില്‍ ഉയര്‍ത്തിയ റോഡ് താഴ്ന്നതാണ് കൂരിയാട്ട് റോഡ് തകരാനിടയാക്കിയത്. വെള്ളം നിറഞ്ഞുകവിയുന്ന കൂരിയാട്ടെ വയലിലൂടെയാണ് ഈ തകര്‍ന്ന ആറുവരിപ്പാത കടന്നുപോകുന്നത്.