വ്യാജ മുൻഗണനാ റേഷൻ കാർഡ്‌ അച്ചടിച്ച്‌ വിതരണം ചെയ്യപ്പെട്ട സംഭവത്തിൽ വിജിലൻസ്‌ അന്വേഷണം വരും.

 
Kerala

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

വ്യാജ മുൻഗണനാ റേഷൻ കാർഡ്‌ അച്ചടിച്ച്‌ വിതരണം ചെയ്യപ്പെട്ട സംഭവത്തിൽ വിജിലൻസ്‌ അന്വേഷണം വരും

Thiruvananthapuram Bureau

തിരുവനന്തപുരം: വ്യാജ മുൻഗണനാ റേഷൻ കാർഡ്‌ അച്ചടിച്ച്‌ വിതരണം ചെയ്യപ്പെട്ട സംഭവത്തിൽ വിജിലൻസ്‌ അന്വേഷണം വരും. ഭക്ഷ്യ വകുപ്പിന്‍റെ ഓൺലൈൻ സംവിധാനമായ റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിൽ കടന്നുകയറി വ്യാജ മുൻഗണനാ കാർഡുകൾ നിർമ്മിച്ച് വിതരണം ചെയ്ത കേസിൽ രണ്ട് പ്രതികളെ വഞ്ചിയൂർ പൊലീസ് പിടികൂടിയിരുന്നു.

സംഭവത്തിൽ ഭക്ഷ്യവകുപ്പ് ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നതിനായാണ് വിജിലൻസ് അന്വേഷണത്തിന് ഭക്ഷ്യവകുപ്പ് ശുപാർശ നൽകിയിരിക്കുന്നത്. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഫയൽ ഉൾപ്പടെയുള്ള ശുപാർശ മുഖ്യമന്ത്രിക്ക്‌ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കുന്നതോടെ പ്രത്യേക സംഘം കേസിന്‍റെ ചുമതലയിലെത്തും.

മാസങ്ങളായി നടക്കുന്ന തട്ടിപ്പിൽ ബീമാപ്പള്ളി, പൂന്തുറ എന്നിവിടങ്ങളിലായി 146 വ്യാജ മുൻഗണന കാർഡുകളാണ്‌ വിതരണം ചെയ്യപ്പെട്ടത്‌. ഒരു മുൻഗണനാ കാർഡിന് 2500 മുതൽ 3000 രൂപ വരെ ഈടാക്കിയായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട്‌ ബീമാപ്പള്ളി റേഷൻ കടയുടമ സഹദ്‌ഖാൻ, കംപ്യൂട്ടർ സെന്‍റർ ഉടമ ഹസീബ്‌ ഖാൻ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി വഞ്ചിയൂർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ നെറ്റ്‌വർക്കിൽ കടന്നുകയറിയാണ് മുൻഗണനാ റേഷൻകാർഡുകൾ വ്യാജമായി നിർമിച്ചതെന്ന വിവരം വകുപ്പിനെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം എത്തുന്നത്. സാധാരണ മുൻഗണനാ കാർഡുകൾ ലഭിക്കുന്നതിന് നിരവധി കടമ്പകളുണ്ട്. ഇതെല്ലാം പണം നൽകിയാൽ ഒഴിവാക്കി മുൻഗണനാ കാർഡുകൾ തരപ്പെടുത്തിക്കൊടുക്കലായിരുന്നു തട്ടിപ്പുകാരുടെ രീതി.

വെള്ള, നീല കാർഡ് ഉടമകളിൽനിന്നു പണം വാങ്ങി മുൻഗണന കാർഡിലേക്കു മാറ്റാൻ അപേക്ഷ സമർപ്പിച്ച ശേഷം, റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിലെ പാസ്‌‍വേഡും ഡേറ്റബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റിയത്. നിലവിൽ ഉപയോഗിക്കുന്ന മുൻഗണനാ കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് പുതിയ കാർഡിന് അപേക്ഷ നൽകി സിവിൽ സപ്ലൈസ് വകുപ്പ് സൈറ്റിൽ കടന്ന് കയറി അനുമതിയും നൽകി മുൻഗണനാ കാർഡ് കൈവശപ്പെടുത്തിയെടുക്കും.

മുൻഗണനാ കാർഡിലെ അംഗങ്ങൾ പുതിയ കാർഡിനായി അപേക്ഷിച്ചാൽ മുൻഗണനാ കാർഡ് തന്നെയാണു ലഭിക്കുക. ഇത് കണക്കിലെടുത്ത് മുൻഗണനാ കാർഡുള്ളയാളിന്‍റെ കാർഡിലേക്ക് ആളെ ചേർക്കുന്നതാണ് ആദ്യം ചെയ്യുക. അംഗമായി പേര് അപ്ഡേറ്റ് ആയാൽ പിന്നാലെ പുതിയ കാർഡിനുള്ള അപേക്ഷ നൽകും.

ഭക്ഷ്യവകുപ്പിന്‍റെ ഓൺലൈൻ വഴി തന്നെ അപേക്ഷയും അനുമതിയും നൽകുന്നതിനാൽ കാർഡുകൾ ആക്ടീവാക്കാനും സാധിക്കും. ഇതിൽ പെട്ട ചില കാർഡ് ഉടമകൾക്ക് വന്ന മെസേജുകളിൽ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫിസിൽ നിന്നും വിവരങ്ങൾ ചോർത്തിയാവാം തട്ടിപ്പ് നടത്തിയതെന്നാണ് സംശയം. വിജിലൻസ് അന്വേഷണം എത്തുന്നതോടെ സംഭവത്തിന് പിന്നിലുള്ളവരെ പുറത്തെത്തിക്കാമെന്നാണ് ഭക്ഷ്യവകുപ്പ് കണക്കുകൂട്ടൽ.

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു

ഓർമ കേരളോത്സവത്തിന് ദുബായിൽ തുടക്കം: ഉദ്ഘാടനം മുഖ്യമന്ത്രി