ഉപ്പുതറയിലെ കൂട്ട ആത്മഹത്യ; മരിച്ച രേഷ്മ 2 മാസം ഗർഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്
ഇടുക്കി: ഉപ്പുതറയിൽ ഒരു കുടുംബത്തിലെ 4 പേർ ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. സംഭവം ആത്മഹത്യയാണെന്നും 4 പേരുടേതും തൂങ്ങി മരണമാണെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു എന്നും മരിച്ച രേഷ്മ 2 മാസം ഗർഭിണിയാണെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ
ഉപ്പുതറയിൽ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (36), ഭാര്യ രേഷ്മ (25), മകൻ ദേവൻ (5), മകൾ ദിയ (4) എന്നിവരെ വ്യാഴാഴ്ച വൈകീട്ടോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സജീവിന്‍റെ അമ്മ സുലോചന ജോലി കഴിഞ്ഞ് വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരിക്കാത്തിനെ തുടർന്ന് അയൽവാസിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് 4 പേരെയും ഹാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം തുടരുകയാണ്.