ജാസമിൻ ജാഫർ
തൃശൂർ: ഗുരുവായൂർ ക്ഷേത്ര തീർഥ കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരേ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാറാണ് പരാതി നൽകിയത്. വീഡിയോ ചിത്രീകരിക്കുന്നതിനു ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ക്ഷേത്ര തീർഥക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. ടെമ്പിൾ പൊലീസിൽ നൽകിയ പരാതി പിന്നീട് കോടതിക്കു കൈമാറി.
ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്ന റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ വിഗ്രഹത്തെ ആറാടിക്കുന്ന ക്ഷേത്രക്കുളത്തിലാണ് ജാസ്മിൻ റീൽസ് എടുത്തത്.
ക്ഷേത്രത്തിന്‍റെ ഭാഗമായ കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല.
മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയുമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്. നിയമ വശങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.