കളമശേരി: കളമശേരി സീപോർട്ട് - എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപം കാർ സർവീസ് സെന്‍ററിൽ തീപിടുത്തം. പോപ്പുലർ ഹുണ്ടായ് കാർ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. വ‍്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
വാഹനങ്ങളുടെ സ്പെയർ പാർട്സ് സ്റ്റോർ റൂമും പാർട്സുകളും പൂർണമായി കത്തി നശിച്ചു. അപകടം നടക്കുമ്പോൾ സർവീസ് സെന്‍ററിനകത്ത് വാഹനങ്ങളും ഓയിൽ നിറച്ച ബാരലുകളും ഉണ്ടായിരുന്നുവെങ്കിലും ഉടൻ പുറത്തേക്ക് മാറ്റിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
തൃക്കാക്കരയിൽ നിന്നും ഏലുർ ഉദ്യോഗമണ്ഡലിൽ നിന്നും അഗ്നിശമന യൂണിറ്റുകൾ എത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. നാശനഷ്ടവും കണക്കാക്കിയിട്ടില്ല. തൊട്ടടുത്ത് പെട്രോൾ പമ്പ് പ്രവർത്തിക്കുന്നത് നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും തീപിടുത്തം നിയന്ത്രണവിധേയമായത് ആശ്വാസമായി.