പ്രളയ സാധ്യത മുന്നറിയിപ്പ്!! 6 നദികളിൽ ഓറഞ്ച്, 11 നദികളിൽ യെലോ അലർട്ടുകൾ
file image
തിരുവനന്തപുരം: കനത്ത മഴയ്ക്കു പിന്നാലെ വീണ്ടും സംസ്ഥാനത്തെ 17 പുഴകളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചൻകോവിൽ, പമ്പ; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ, നീലേശ്വരം, ഉപ്പള നദികളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാർ; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിലാർ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ പമ്പാ നദി, അച്ചൻകോവിലാർ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, വയനാട് ജില്ലയിലെ കബനീ നദി എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പുഴകളോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട ജില്ലയിലെ മണിമലയാറ്റിൽ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ, അച്ചൻകോവിലാറ്റിലെ കോന്നി GD, കല്ലേലി സ്റ്റേഷനുകൾ, പമ്പ നദിയിലെ ആറന്മുള സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, നീലേശ്വരം നദിയിലെ ചായ്യോം സ്റ്റേഷൻ, മൊഗ്രാൽ നദിയിലെ മധുർ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാറ്റിൽ കക്കടാശ്ശേരി, തൊടുപുഴ സ്റ്റേഷനുകൾ, കണ്ണൂർ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷൻ, കുപ്പം നദിയിലെ മങ്കര സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദിയിലെ ഭീമനദി സ്റ്റേഷൻ, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷൻ , കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിൽ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിൽ കുന്നമംഗലം, കൊള്ളിക്കൽ സ്റ്റേഷനുകൾ, പത്തനംതിട്ട ജില്ലയിലെ പമ്പാ നദിയിലെ മാരാമൺ, കുരുടമണ്ണിൽ സ്റ്റേഷനുകൾ, അച്ചൻകോവിലാറ്റിലെ പന്തളം സ്റ്റേഷൻ, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദിയിലെ മൈലമൂട് സ്റ്റേഷൻ, വയനാട് ജില്ലയിലെ കബനീ നദിയിലെ കാക്കവയൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.
യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോടു ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിലുണ്ട്.